
സസാരാം: ബീഹാർ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സസാരാമിൽ മോദിയുടെ പ്രസംഗത്തിൽ ആർട്ടിക്കിൾ 370 വിഷയമായി. ജമ്മു കാശ്മീരിലെ പ്രത്യേക പദവി അവസാനിപ്പിച്ചതിനെ എതിർക്കുന്ന പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു.
'ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടുന്നത് എല്ലാവരും കാത്തിരിക്കുകയായിരുന്നു. എന്നാൽ അധികാരത്തിലെത്തിയാൽ ആ തീരുമാനം അസാധുവാക്കുമെന്ന് ചിലർ പറയുന്നു'-ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള സംയുക്ത റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
'എൻ ഡി എ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി. അധികാരത്തിൽ വന്നാൽ അത് തിരികെ കൊണ്ടുവരുമെന്ന് ചിലർ പറയുന്നു. ഇത്തരം പ്രസ്താവനകൾ നടത്തിയ ശേഷം ബീഹാറിൽ നിന്ന് വോട്ട് ചോദിക്കാൻ അവർ ധൈര്യപ്പെടുന്നുണ്ടോ? ഇത് ബീഹാറിനെ അപമാനിക്കുന്നതല്ലേയെന്ന് മോദി ചോദിച്ചു.
ബീഹാറില്‍ എന്‍ ഡി എ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി പറഞ്ഞു. 'നിതീഷ് കുമാറിന്‍റെ കീഴില്‍ ബീഹാര്‍ യഥാര്‍ഥ ദിശയിലാണ് സഞ്ചരിക്കുന്നത്. കൊവിഡിനെതിരെ സര്‍ക്കാര്‍ മികച്ച പോരാട്ടം നടത്തി. എന്നാൽ ചിലര്‍ ബീഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്'- മോദി പറഞ്ഞു.
ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർട്ടിക്കിൾ 370 നിരവധി തവണ ഉയർന്നുവന്നിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്ക് ജമ്മു കാശ്മീരിൽ സ്വത്ത് കൈവശം വയ്ക്കാൻ അവസരം നൽകിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.
'നേരത്തെ ബീഹാറിലുള്ള ഒരാൾക്ക് കാശ്മീരിൽ സ്വത്ത് സ്വന്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.എന്നാൽ നരേന്ദ്ര മോദിയും അമിത് ഷായും എല്ലാം മാറ്റി. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടുണ്ട്, ജനങ്ങൾക്ക് ഇപ്പോൾ കാശ്മീരിലെ ഏത് ഭാഗത്തും സ്വത്ത് വാങ്ങാനും സ്വന്തമാക്കാനും കഴിയും' എന്നായിരുന്നു യോഗിയുടെ വാക്കുകൾ.