electricity

ലഖ്നൗ: സംസ്ഥാനത്താകെ തടസമില്ലാതെ വൈദ്യുതി എത്തിക്കാമെന്ന വാഗ്‌ദാനം സർക്കാർ നൽകിയിട്ടും പകുതിയോളം ഉപഭോക്താക്കളും വൈദ്യുതി ബിൽ അടയ്‌ക്കുന്നില്ല. ഉത്തർപ്രദേശിലാണ് ഈ ദുർഗതി. 2.83 കോടി ഉപഭോക്താക്കളുള‌ള യു.പി.പി.സി.എല്ലിൽ(ഉത്തർപ്രദേശ് പവർ കോർപറേഷൻ ലിമി‌റ്റഡ്) 1.06 കോടി ഉപഭോക്താക്കളും വൈദ്യുതിബിൽ അടയ്‌ക്കുന്നേയില്ലെന്ന് യു.പി.പി.സി.എൽ ചെയർമാൻ അരവിന്ദ് കുമാർ അറിയിച്ചു.

കണക്ഷൻ നൽകിയ ശേഷം 38 ശതമാനം ഉപഭോക്താക്കളും ഒരു രൂപ പോലും ബിൽ അടച്ചിട്ടില്ല. നിലവിൽ കമ്പനി സ്വകാര്യവൽക്കരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഗ്രാമങ്ങളിലെ 96 ശതമാനം ജനങ്ങളും വൈദ്യുതിബിൽ അടക്കാറേയില്ല. ഇവരിൽ നിന്ന് പിരിച്ചെടുക്കേണ്ട തുക 68,000 കോടിയോളം വരും.

പൂർവാഞ്ചൽ മേഖലയിലാണ് ഏ‌റ്റവുമധികം പേർ കണക്ഷൻ നേടിയ ശേഷം പണമടയ്‌ക്കാത്തത്. 83 ലക്ഷം ഉപഭോക്താക്കളിൽ 43 ലക്ഷം പേർ. 3.78 കോടി കസ്‌റ്റമർമാരിൽ നിന്ന് ഒരു കോടിയിലേറെ ബിൽതുക ലഭിക്കാനുണ്ട്. അസംഗർഗ്, വാരണസി,ഗോരഖ്പൂർ,ബസ്‌തി, പ്രയാഗ് രാജ്,എന്നീ സോണുകളിലും ഇതുതന്നെ അവസ്ഥ. ജനങ്ങളുടെ ഈ സമീപനമാണ് സ്വകാര്യവൽക്കരണത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്.

പൂർവാഞ്ചൽ മേഖലയ്‌ക്ക് പിന്നാലെ മദ്ധ്യാഞ്ചൽ ആണ്. ലഖ്നൗ,അയോദ്ധ്യ,ദേവി പത്തൻ എന്നീ സോണുകൾ മദ്ധ്യാഞ്ചലിലാണ്. 33.45 ലക്ഷം പേർ ഇവിടെ ബിൽ അടച്ചിട്ടില്ല. ലഖ്നൗവിൽ മാത്രം 11 ലക്ഷം ഉപഭോക്താക്കൾ പണമടച്ചിട്ടില്ല. ഇതിൽ മിക്കവരിലും ഇരട്ടിപ്പ് വന്നതോ ഇല്ലാത്ത ആളുകളോ ആകാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ചിലർക്ക് രണ്ട് ബിൽ നൽകിയതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് കോർപറേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. സ്വകാര്യവൽക്കരണം നടത്താതെ നിലവിലെ സംവിധാനത്തിൽ തന്നെ കോർപറേഷനെ മെച്ചപ്പെടുത്താൻ എഞ്ചിനീയർമാർ ശ്രമിക്കുന്നുണ്ട്.