vs

ജോസ് കെ മാണിയെ എൽ ഡി എഫിൽ എടുത്തതിനെ പരിഹസിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോസിന്റെ നിലവാരം ഉയർന്നതുകൊണ്ടാണോ എൽ ഡി എഫിന്റെ നിലവാരം കുറഞ്ഞതുകൊണ്ടാണോ ഇതെന്ന് സഖാക്കൾ പരിശോധിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെടുന്നു. ഭൂപരിഷ്കരണ നിയമം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപിത നയത്തിൽ നിന്ന് എൽ ഡി എഫ് പിന്നോട്ടുപോവുകയാണെന്നും വി എസ് അച്യുതാനന്ദന് കോടതിയിൽ പോകാൻ ആരോഗ്യമുണ്ടായിരുന്നെങ്കിൽ തോട്ടഭൂമി വകമാറ്റികോടികൾ സമ്പാദിക്കുന്ന ഭൂസ്വാമിമാർക്ക് എതിരെ പ്രതികരിച്ചേനെ എന്നും ഫേസ്ബുക്ക്പോസ്റ്റി​ൽ പറയുന്നത്.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം

vs നു ആരോഗ്യമുണ്ടായിരുന്നെങ്കിൽ...
കേരളത്തെ നമ്മളിന്നു കാണുന്ന കേരളം ആക്കിയത് ഭൂപരിഷ്‌കരണ നിയമമാണ്. ഭൂപരിഷ്‌കരണ നിയമം ശക്തിപ്പെടുത്തുക എന്നതാണ് LDF ന്റെ പ്രഖ്യാപിത നയം.


തോട്ടങ്ങൾക്ക് ഇളവ് കൊടുത്തത് തൊഴിലാളികളുടെ താൽപ്പര്യം പരിഗണിച്ച് ആ ആവശ്യത്തിനു മാത്രമെന്ന നിബന്ധനയിൽ.
ഇളവ് കിട്ടിയ തോട്ടഭൂമി മറ്റാവശ്യങ്ങൾക്ക് വകമാറ്റാം എന്ന KM മാണിയുടെ ഭേദഗതിയെ LDF പരസ്യമായി എതിർത്തു.
എന്നാൽ LDFഅധികാരത്തിൽ വന്ന് ഇന്നുവരെ ഭേദഗതി റദ്ദാക്കിയിട്ടില്ല. നടപ്പാക്കുകയാണ് ചെയ്തത്. എന്നുമാത്രമല്ല, നിയമം ലംഘിച്ചു തോട്ടഭൂമി വകമാറ്റിയ ക്വാറിഉടമകൾക്ക് അനുമതി നൽകുകയാണ് ചെയ്തത്.


അതിനെതിരെ ഞാൻ വാദിച്ച കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും ഫുൾ ബെഞ്ചിലും തോട്ടഭൂമിയ്ക്ക് നൽകിയ ഇളവ് ക്വാറികൾക്ക് ലഭ്യമല്ല എന്നു സുവ്യക്തമാക്കി. ഭൂമിക്ക് മേൽ നിർമാണങ്ങൾ നടത്തുന്നത് പോലെയല്ല, മറ്റുവ്യവസായം കൊണ്ടുവരുന്നത് പോലെയല്ല ഖനനം. ഖനനത്തിന്റെ raw material ആ ഭൂമി തന്നെയാണ്. ഭൂമി കുഴിച്ചും സ്വഭാവം മാറ്റിയും ആണ് ഖനനവ്യവസായം. അതിനാൽ Commercial site എന്ന ഇളവ് ഇവർക്ക് കിട്ടില്ല. സുപ്രീംകോടതി അത് ശരിവെച്ചു. ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി ഖനനം തുടങ്ങാനുള്ള നീക്കങ്ങൾ അതോടെ പരാജയപ്പെട്ടു.
എന്നാൽ ഇന്നും തോട്ടഭൂമി വകമാറ്റി ക്വാറികളുടെ നിയമലംഘനം തുടരുന്നു. മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട, ഭൂരഹിതർക്ക് നൽകേണ്ട നടപടി സർക്കാർ മരവിപ്പിച്ചിരിക്കുന്നു. വിധി നടപ്പാക്കാൻ തയ്യാറല്ല.


ഇതാ, KN മാണി പോലും ചിന്തിക്കാത്ത ഭേദഗതി LDF സർക്കാർ കൊണ്ടുവരാൻ പോകുന്നു. തോട്ടഭൂമി ഖനനത്തിനായി വകമാറ്റാം എന്നാണ് ഭേദഗതി നിർദ്ദേശം. ഭൂപരിഷ്‌കരണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ തന്നെ അട്ടിമറിക്കുന്ന ഭേദഗതിയാണ് ഇത്. തോട്ടഭൂമിയുടെ 5% മറ്റു ലാഭകരമായ കൃഷിക്ക് കൊടുക്കുന്നത് പോലെയല്ല, കൃഷിഭൂമി എന്ന പരിധിയിൽ നിന്ന് തന്നെ ആ ഭൂമി എന്നെന്നേക്കുമായി മാറുന്നു.


1970 ൽ നികത്തിയ 20 സെന്റ് വയലിൽ ഇന്ന് വീട് വെയ്ക്കാൻ പോയാൽ മാർക്കറ്റ് വിലയുടെ 20% സർക്കാരിൽ അടയ്‌ക്കേണ്ട കാലത്താണ് ആയിരക്കണക്കിന് ഏക്കർ തോട്ടഭൂമി അനധികൃത ഖനനം അനുവദിക്കാൻ ശ്രമം.ഭൂമി വെറുമൊരു കച്ചവട വസ്തുവല്ല, ഖനനം പൊതുമേഖലയിൽ മാത്രമേ ആകാവൂ, പ്രകൃതി വിഭവങ്ങൾ അശാസ്ത്രീയമായി ചൂഷണം ചെയ്യാൻ അനുവദിക്കരുത് എന്നൊക്കെ പ്രസംഗിച്ച് അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാരാണ്... കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് ഈ നിയമഭേദഗതി നിർദ്ദേശത്തിനു പിന്നിൽ.


ജോസ് കെ മാണിയെ LDFൽ എടുക്കുന്നത് ജോസിന്റെ നിലവാരം ഉയർന്നത് കൊണ്ടാണോ LDF ന്റെ രാഷ്ട്രീയ നിലവാരം കുറഞ്ഞത് കൊണ്ടാണോ എന്നു സഖാക്കൾ സ്വയം പരിശോധിക്കണം.
സഖാവ് vs നു കോടതിയിൽ പോകാൻ ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു... തോട്ടഭൂമി വകമാറ്റി കോടികൾ സമ്പാദിക്കുന്ന ഭൂസ്വാമിമാർക്ക് എതിരെ അദ്ദേഹം പ്രതികരിച്ചേനെ.