
കിഴക്കുവശത്തെ വലിയ ജനാലയ്ക്കരികിലുള്ള കിടക്കയിൽ റോബർട്ട് സുഖനിദ്രയിലായിരുന്നു. സമീപം ചരിഞ്ഞു കിടന്നുറങ്ങുന്ന ക്ലാര. അതിവിശാലമായ അവരുടെ കിടക്കമുറിക്കഭിമുഖമായി മൂന്നുനിലകളിലായി ഏഴു അപ്പാർട്ട്മെന്റുകൾ. റോബർട്ടിന്റെ വില്ലയ്ക്കും അപ്പാർട്ട്മെന്റിനും  ഇടയിലായി റെസിഡൻഷ്യൽ കോളനിയിലേക്കുള്ള ഇടുങ്ങിയ റോഡ്. ഹാളിലെ ബിഗ്ബെൻ ക്ലോക്കിന്റെ പെൻഡുലം പന്ത്രണ്ടുതവണ മണി മുഴക്കി. റോബർട്ടിന്റെ ഗാഢനിദ്രയ്ക്ക് മണി മുഴക്കം നേരിയ ഭംഗം വരുത്തി. അത്യുഷ്ണം മറ്രൊരു കാരണവുമായി. അയാൾ വീണ്ടും ഉറക്കത്തിലേക്ക് ക്രമേണ വഴുതിവീണു. ക്ലോക്കിന്റെ നേരിയ ശബ്ദത്തിൽ സമയം ഇഴഞ്ഞുനീങ്ങി. വീണ്ടും ക്ലോക്ക് ഒരു തവണകൂടി ഉറക്കെ ശബ്ദിച്ചു. റോബർട്ടിന്റെ നിദ്രയ്ക്കു വീണ്ടും തടസം. അയാൾ കോട്ടുവായിട്ട് കിടക്കയിൽ എഴുന്നേറ്റിരുന്നു. തൊണ്ട വരളുന്നു. വല്ലാത്തദാഹം. സമയം അർദ്ധരാത്രി കഴിഞ്ഞിട്ടും ഉഷ്ണം ശമിച്ചിട്ടില്ല. കിടക്കയ്ക്ക് തൊട്ടുസമീപത്ത് ചുവരിനോട് ചേർത്തിട്ടിരിക്കുന്ന ടീപ്പോയിലെ ജഗ്ഗിൽ നിന്നും അയാൾ ഗ്ലാസിൽ തണുത്തവെള്ളം പകർന്നു. മൂന്നുനാലു കവിൾ ഇറക്കി.
കിടക്കമുറിയിൽ എ.സി ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ അടുത്തകാലത്ത് ഒരിക്കലും അത് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ക്ലാരയുടെ സന്ധിവേദനകൾ തന്നെ തടസം. പകൽ മുഴുവൻ ഗൃഹഭരണം നടത്തി ക്ഷീണിതയാവുന്ന അവൾക്ക് രാത്രി സുഖനിദ്രയ്ക്ക് തണുപ്പ് തടസമാകരുതല്ലോ. വീട്ടിലെ എല്ലാ കാര്യങ്ങളും വൃത്തിയായും വെടിപ്പായും തന്റെ മേൽനോട്ടത്തിൽ തന്നെ നടക്കണമെന്നു നിഷ്കർഷിക്കുന്ന ക്ലാര, പാചകജോലി ഒരിക്കലും വേലക്കാരിയെ ഏല്പിക്കുകയുമില്ല. തന്റെ ഭർത്താവിനും മക്കൾക്കും നൽകുന്ന ഭക്ഷണം, ശുചിയുള്ളതും ഗുണമുള്ളതുമായിരിക്കണമെന്നവൾക്ക് നിർബന്ധവുമാണ്. അതിന് എത്ര ബുദ്ധിമുട്ടാനും അവൾ സദാ തയ്യാർ.
റോബർട്ട് ക്ലാരയെ അനുകമ്പയോടെ നോക്കി. പാവം അടുത്തകാലത്തായി പരിക്ഷീണിതയാണ്. ശരീരഭാരവും കുറഞ്ഞിട്ടുണ്ട്. കാൽവെള്ളകളിലും മുട്ടുകളിലും നീർക്കെട്ടുമുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളിലായി നിത്യവും ഗുളികകളനേകം വിഴുങ്ങുന്നു. അതിന്റെ പാർശ്വഫലങ്ങളുമുണ്ടാവാം. രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകളുമുണ്ട്. അതൊന്നുമവൾ കാര്യമാക്കാറുമില്ല. അയാൾ കുറേനേരം ക്ലാരയെ തന്നെ നോക്കിയിരുന്നു. ക്ഷീണിതയെങ്കിലും അവളുടെ ആകർഷകമായ കണ്ണുകൾക്കും ശരീരവശ്യതയ്ക്കും വലിയ കുറവൊന്നും വന്നിട്ടില്ല.
തന്റെ ജീവിതത്തിലേക്ക് അവൾ കടന്നുവന്നിട്ട് മൂന്നര പതിറ്റാണ്ടുകളാകുന്നു. ഒരുതരത്തിലും അവൾക്ക് സന്തോഷവും സംതൃപ്തിയും വിശ്രമവും ഇന്നേവരെ ലഭിച്ചിട്ടില്ല. കുട്ടികളുടെ അനാരോഗ്യവും തുടർചികിത്സകളും വർഷങ്ങളോളം നീണ്ടുനിന്നു. തന്റെ ഔദ്യോഗിക ജീവിതത്തിലെ അനിശ്ചിതത്വവും മറ്റൊരു കാരണവുമായി. അയാൾ സ്വയം ശപിക്കുകയായിരുന്നു. ക്ലാരയെ ആദ്യമായി കണ്ട നിമിഷം അയാളുടെ ഓർമ്മയിൽ പെട്ടെന്ന് ഓടിയെത്തി. ഒരു ഞായറാഴ്ച രാവിലെ പള്ളി പിരിയുന്ന വേളയിലാണ്. ഒരു മാലാഖയെപ്പോലെ ശുഭ്രവേഷധാരിയായിട്ടാണ് താൻ അവളെ കണ്ടത്. ഡിഗ്രിക്ക് തന്റെ അദ്ധ്യാപകനായിരുന്ന ഫ്രാൻസിസ് മാഷിന്റെ മകളാണ്.
ക്ലാരയെ കൂടാതെ അന്ന് മാഷിനോടൊപ്പം ഭാര്യ എൽസി ടീച്ചറുമുണ്ടായിരുന്നു. മാഷിന്റെ മിടുക്കനായ ഒരു ശിഷ്യനെന്ന നിലയിൽ അദ്ദേഹത്തിന് തന്നോട് പ്രത്യേക മമതയും വാത്സല്യവുമുണ്ടായിരുന്നു. തന്നെ മാഷ് അവർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പിൽക്കാലത്ത് പള്ളിയിൽ പലപ്പോഴും കണ്ടുമുട്ടി. പി.ജി കഴിഞ്ഞ് തനിക്ക് ഉടനെ തന്നെ ഭേദപ്പെട്ട ഒരു ഉദ്യോഗവും ലഭിച്ചു. വീട്ടുകാർ തനിക്ക് വിവാഹമാലോചിക്കാൻ തുടങ്ങിയപ്പോൾ ക്ലാരയുടെ ചിത്രമാണ് തന്റെ മനസിൽ ആദ്യം തന്നെ തെളിഞ്ഞത്. ഫ്രാൻസിസ് മാഷ്, തന്റെ വീട്ടുകാരുടെ ആലോചന സസന്തോഷം അംഗീകരിക്കുകയും ചെയ്തു. അന്നവൾ ബിരുദത്തിന് പഠിക്കുകയായിരുന്നു.
തന്റെ ജീവിതത്തിലേക്ക് വെള്ളിവെളിച്ചവുമായി കടന്നുവന്ന ക്ലാര എന്ന മാലാഖ ഇന്ന് അനുഭവിക്കുന്ന യാതനകളും മറ്റും കാണുമ്പോൾ തന്റെ ഉള്ളിൽ സങ്കടക്കടലിലെ തിരയിളക്കമാണ്. അയാൾ കുറച്ചുനേരം അവളെ തന്നെ നോക്കിയിരുന്നു. വലതുകരം കൊണ്ട് അവളുടെ തലയിൽ തലോടി. പൊടുന്നനെ ഒരു ജീപ്പ് അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ ഇരമ്പിക്കൊണ്ട് വന്നുനിന്നു. ഓ.. അതു നമ്മുടെ സർക്കിൾ ഇൻസ്പെക്ടർ ക്ലമന്റ് ആയിരിക്കും. പൊലീസുകാർക്ക് ഡ്യൂട്ടിക്ക് പോകാൻ കൃത്യസമയമുണ്ട്. പക്ഷേ തിരിച്ചെത്തുന്നതിന്  കൃത്യസമയമൊന്നുമില്ലല്ലോ. ഒരു തരത്തിൽ അവരുടെ ജീവിതം കഷ്ടം തന്നെ. അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി ചുമതല അടുത്ത കാലത്ത് സ്വയം ഏറ്റെടുത്ത ഒരു തെരുവു നായ ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. ഏഴ് അപ്പാർട്ട്മെന്റിലേയും താമസക്കാരെയും വാഹനങ്ങളെയും സെക്യൂരിറ്റി നായയ്ക്ക് നല്ല പരിചയമാണ്. അവർ വന്നിറങ്ങുമ്പോഴും പോകുമ്പോഴും സെക്യൂരിറ്റി വാലാട്ടി, ചെവികൾ മടക്കി സല്യൂട്ട് ചെയ്യാറുമുണ്ട്. പിന്നെ എന്താ ഇങ്ങനെ ഒരു കുര? അല്ല, ഇനി ജീപ്പ് ക്ലമന്റിന്റേതല്ലെന്നുണ്ടോ?
നായയുടെ നിലക്കാത്ത കുര കേട്ട് ക്ലാരയും ഉണർന്നു. റോബർട്ട് കിടക്കയിൽ നിന്നും എഴുന്നേറ്റ് ജനാലയ്ക്കടുത്തേക്ക് നടന്നു. കർട്ടൻ നീക്കി നോക്കി. പാർക്കിംഗ് ഏരിയായിൽ വെളിച്ചമില്ല. അഞ്ചാറു വാഹനങ്ങൾ നിത്യവും പാർക്ക് ചെയ്യുന്ന അവിടെ രാത്രി കാലങ്ങളിൽ എപ്പോഴും വെളിച്ചമുണ്ടാകാറുണ്ട്. പക്ഷേ ഇന്ന് എന്തുപറ്റി? ജീപ്പിൽ നിന്നും സുന്ദരിയായ ഒരു യുവതി ഇറങ്ങി ക്ലമന്റിനോടൊപ്പം അപ്പാർട്ട്മെന്റിന്റെ പ്രവേശനകവാടത്തിലേക്ക് നടക്കുന്നു. അരണ്ട നിലാവെളിച്ചത്തിൽ കണ്ടതാണ്. ക്ലമന്റിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയിട്ട് ഏതാണ്ട് മൂന്നാഴ്ചയായി. അപരിചിതയായ യുവതിയെ കണ്ടിട്ടാണ് നായ് കുരച്ചത്. ചാവി ഇട്ട് വാതിൽ തുറന്ന് യുവതിയുടെ തോളിൽ കൈയിട്ട് പടികൾ ചവുട്ടി ഇരുവരും മുകളിലേക്ക് നടന്നുകയറുന്നതാണ് റോബർട്ട് കണ്ടത്. അല്പം സംഭ്രമത്തോടെ കണ്ണുതുറന്ന ക്ലാര റോബർട്ടിനെ നോക്കി ചോദിച്ചു.
''എന്താ അച്ചായാ... നായ കുരക്കുന്നത്? വല്ല കള്ളന്മാരും വന്നോ? എപ്പോഴാ അച്ചായൻ ഉണർന്നത്?""
''നമ്മുടെ ക്ലമന്റ് സി.ഐക്കൊപ്പം ഒരുപെണ്ണ്. അവരെ കണ്ടിട്ടാ നായ് കുരയ്ക്കുന്നത്.""
''ഉഷ്ണം കാരണം ഞാൻ ഉണർന്നിട്ട് കുറച്ചുസമയമായി. ദാഹവുമുണ്ടായിരുന്നു. കുറച്ചുവെള്ളം കുടിച്ചു. അപ്പഴാ, ജീപ്പിന്റെ ഇരമ്പലും നായുടെ കുരച്ചിലും.""
''അയാളുടെ ബന്ധു വല്ലവരുമായിരിക്കും ആ സ്ത്രീ. നമുക്കെന്താ അച്ചായാ? കിടന്നുറങ്ങാൻ നോക്ക്.""
നിഷ്കളങ്കതയോടെ ക്ലാര ഇത്രയും പറഞ്ഞ് ചരിഞ്ഞുകിടന്നു ഉറങ്ങാൻ തുടങ്ങി.
റോബർട്ട് നിശബ്ദനായി ജനാലക്കരികിൽ നിന്നും കിടക്കയിലേക്ക് മടങ്ങി. തന്റെ വലതുകരങ്ങൾക്കുള്ളിൽ ക്ലാരയെ ഒതുക്കി അയാൾ അവളുടെ പിന്നിൽ ചേർന്നു കിടന്നു, കഴുത്തിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
ആരായിരിക്കും ആ സ്ത്രീ? രാവിന്റെ മറവിൽ? അങ്ങനെ പലതും ചിന്തിച്ചുചിന്തിച്ചു പിന്നീടെപ്പോഴോ റോബർട്ട് ഗാഢനിദ്രയിലേക്ക് വഴുതി വീണു.
ക്ലോക്കിലെ പെൻഡുലം വീണ്ടും അഞ്ചുതവണ കൂടി മുഴങ്ങി. നായ് വീണ്ടും കുരച്ചുബഹളമുണ്ടാക്കി. ഇപ്പോൾ ക്ലാരയാണ് ഉണർന്നത്. പതിവായി അവൾ അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ ഉറക്കമുണർന്നിരിക്കും. അതൊരു ശീലമാണ്. അവൾ കർട്ടന്റെ വിടവിലൂടെ നോക്കി. ക്ലമന്റും സുന്ദരിയായ യുവതിയും ജീപ്പിൽ കയറുന്നു. ജീപ്പ്  ഇരുവരെയും വഹിച്ചുകൊണ്ട് അതിവേഗത്തിൽ പുറത്തേക്ക് പാഞ്ഞുപോയി. ക്ലമന്റ് സാധാരണ ഡ്യൂട്ടിക്ക് പുറപ്പെടുക രാവിലെ എട്ടരയോടെയാണ്. പക്ഷേ ഇപ്പോൾ അയാൾ യൂണിഫോമിലായിരുന്നില്ല. യുവതിയെ റെയിൽവേ സ്റ്റേഷനിലോ, ബസ് സ്റ്റാന്റിലോ ഡ്രോപ്പ് ചെയ്യാൻ പോയതാവും. ക്ലാരയെന്ന മാലാഖയ്ക്ക് അങ്ങനെയേ ചിന്തിക്കാനാവൂ.