akcda1

 എ.കെ.സി.ഡി.എ മരുന്ന് നിർമ്മാണത്തിലേക്കും

കൊച്ചി: മരുന്ന് വിതരണക്കാരുടെ സംഘടനയായ ഓൾ കേരള കെമിസ്‌റ്റ്സ് ആൻഡ് ഡ്രഗിസ്‌റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) മരുന്ന് നിർമ്മാണത്തിലേക്കും കടക്കുന്നു. 'കൈനോ" ബ്രാൻഡിൽ അസോസിയേഷൻ പുറത്തിറക്കുന്ന 10 മരുന്നുകൾ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വിപണിയിലെത്തും.

ബൃഹത് അടിസ്ഥാനത്തിൽ കേരളത്തിൽ സ്വകാര്യ മേഖലയിൽ മരുന്ന് നിർമ്മാണം ആദ്യമാണ്. ആന്റി സെപ്‌റ്റിക് ലോഷനായ 'കൈനോ ഡെൽ", പാരസെറ്റാമോളായ 'കൈനോപാർ" തുടങ്ങിയ മരുന്നുകളാണ് ആദ്യഘട്ടത്തിൽ വിപണിയിലിറക്കുക എന്ന് എ.കെ.സി.ഡി.എ പ്രസിഡന്റ് എ.എൻ. മോഹൻ 'കേരളകൗമുദി"യോട് പറഞ്ഞു.

എറണാകുളം പുത്തൻകുരിശിൽ പ്രത്യേകം സജ്ജമാക്കിയ ഉത്പാദനകേന്ദ്രത്തിലാണ് നിലവിൽ മരുന്നുകളുടെ നിർമ്മാണം. അരനൂറ്റാണ്ടിലേറെ പ്രവർത്തനസമ്പത്തുള്ള തൃശൂരിലെ സതേൺ യൂണിയൻ ഫാർമ അടക്കം ഏതാനും കമ്പനികളാണ് 'കൈനോ" ബ്രാൻഡിൽ മരുന്ന് നിർമ്മിച്ച് നൽകുന്നത്.

രജിസ്‌ട്രാർ ഒഫ് കമ്പനീസിന്റെ ഉൾപ്പെടെ മരുന്ന് ഉത്പാദനം, വിതരണം എന്നിവയ്ക്കുള്ള അനുമതികൾ എ.കെ.സി.ഡി.എ നേടിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അഞ്ചുകോടി രൂപയാണ് എ.കെ.സി.ഡി.എ മുതൽമുടക്കുന്നത്. ഭാവിയിലെ ആവശ്യം പരിഗണിച്ച് നിക്ഷേപം ഉയർത്തുമെന്നും എ.എൻ. മോഹൻ പറഞ്ഞു. 15,000 മരുന്ന് വിതരണക്കാർ അംഗങ്ങളായ സംഘടനയാണ് എ.കെ.സി.ഡി.എ.

മിതമായ വിലയ്ക്ക്

മികച്ച മരുന്ന്

വൻകിട കമ്പനികൾ ഒരേ മരുന്ന് തന്നെ പല ബ്രാൻഡിൽ, ഉയർന്ന വിലയ്ക്ക് വിപണിയിലെത്തിച്ച് വൻ ലാഭം കൊയ്യുകയാണ്. ഇതു ചെറുക്കുകയാണ് നിലവാരമേറിയ മരുന്നുകൾ നിർമ്മിച്ച്, മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിലൂടെ എ.കെ.സി.ഡി.എയുടെ ലക്ഷ്യം.

₹15,000 കോടി

കേരളത്തിന് ആവശ്യമായ മരുന്നുകളിൽ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. പ്രതിവർഷം ശരാശരി 15 ശതമാനം വില്പന വളർച്ചയുള്ള കേരളത്തിന്റെ മരുന്ന് വിപണി മൂല്യം 12,000 കോടി മുതൽ 15,000 കോടി രൂപവരെയാണ്.

30%

കൊവിഡ് കാലത്ത് മരുന്ന് ഉപഭോഗം കേരളത്തിൽ 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ആന്റിബയോട്ടിക്, ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളുടെ വില്പനയാണ് പ്രധാനമായും കുറഞ്ഞത്.

''ആവശ്യമായ മരുന്നിന്റെ 10 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ ഇപ്പോൾ ഉത്പാദനം. സ്വയംപര്യാപ്‌തമാകുക എന്ന ലക്ഷ്യത്തോടെ, കേരളത്തിൽ തന്നെ മരുന്ന് ഉത്‌പാദിപ്പിക്കുകയാണ് പുതിയ ദൗത്യത്തിലൂടെ ഉദ്ദേശിക്കുന്നത് "

എ.എൻ. മോഹൻ,

പ്രസിഡന്റ്, എ.കെ.സി.ഡി.എ