aruvikkara

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ അരുവിക്കരയിലെ കുപ്പിവെള്ള നിർമ്മാണ പ്ളാന്റിന് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർ‌സ് (ബി.ഐ.എസ്) അംഗീകാരം ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യയുടെ അംഗീകാരം കൂടി ലഭിച്ചാൽ പ്ളാന്റ് കമ്മിഷൻ ചെയ്ത് ഉൽപാദനം തുടങ്ങാനാകും. ഫുഡ് സേഫ്റ്റിയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് സൂചന. പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി രൂപ കൂടി സർക്കാർ അധികമായി അനുവദിച്ചിട്ടുണ്ട്.

 ആദ്യം 20 ലിറ്റർ കാൻ
തുടക്കത്തിൽ 20 ലിറ്ററിന്റെ കാനിലായിരിക്കും വെള്ളം പുറത്തിറക്കുക. ഒന്നും രണ്ടും ലിറ്റർ കുപ്പിവെള്ളം പിന്നീടായിരിക്കും. കുടുംബശ്രീക്കാണ് വിതരണച്ചുമതല. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ (കിഡ്ക്) ആണ് ഉൽപാദകർ.

 വിവാദങ്ങളിലൂടെ
2006ലാണ് നടപടികൾ തുടങ്ങിയത്. തങ്ങളുടെ നിയന്ത്രണത്തിലുള്ള അരുവിക്കര ഡാമിന് സമീപം പ്ളാന്റ് സ്ഥാപിച്ചശേഷം, നടത്തിപ്പ് ജലസേചന വകുപ്പുമായി ബന്ധമുള്ള കിഡ്ക്കിനെ ഏൽപിക്കാനായിരുന്നു വാട്ടർ അതോറിട്ടി തീരുമാനം. തുടക്കത്തിൽ ലാഭത്തിന്റെ 50 ശതമാനം കൈമാറാമെന്ന് അവർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അവർ നിലപാട് മാറ്റി. ജലഅതോറിട്ടി നിർദ്ദേശിച്ച പേര് 'തെളിനീർ' സ്വീകാര്യമല്ലെന്നും നടത്തിപ്പിൽ അതോറിട്ടി ഇടപെടരുതെന്നും നിലപാടെടുത്തു. പിന്നാലെ കിഡ്ക്കിന് സർക്കാർ കൈമാറുകയായിരുന്നു. പദ്ധതിയുടെ മുഴുവൻ തുകയും സർക്കാരിന്റേതാണ്. വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക സഹായം ഇല്ലാത്തതിനാൽ അവർക്ക് ലാഭവിഹിതം നൽകില്ല. പ്ളാന്റിന്റെ തറ വാടകയും വെള്ളക്കരവും വാട്ടർ അതോറിട്ടിക്ക് നൽകും.


ഹില്ലി അക്വ
കുപ്പിവെള്ളത്തിന്റെ പേര് ഹില്ലി അക്വ. ഇതേപേരിൽ കി‌ഡ്ക് തൊടുപുഴയിലെ പ്ളാന്റിൽ നിന്ന് കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ട്. ഒരു ലിറ്ററിന് 15 രൂപയും, രണ്ട് ലിറ്ററിന് 20മാണ് വില. ഫാക്ടറി ഔട്ട്‌‌‌ലെറ്റുകളിൽ നിന്ന് നേരിട്ട് വാങ്ങിയാൽ ലിറ്ററിന് 10 രൂപ. കാനിന്റെ വില ഉടൻ നിശ്ചയിക്കും.