karnataka

ബംഗളുരു: കൊവിഡ് ലോക്‌ഡൗൺ സമയത്ത് അടച്ചുപൂട്ടിയ ശേഷം ഏഴ് മാസത്തിന് ശേഷം കോളേജുകൾ തുറക്കുകയാണ്. സംസ്ഥാനത്തെ ഡിപ്ളോമ,ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകൾ നവംബർ 17 മുതൽ തുറക്കാൻ കർണാടകയിൽ സർക്കാർ തീരുമാനം. മുഖ്യമന്ത്രി യെദ്യുരപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഉപ മുഖ്യമന്ത്രി സി.എൻ അശ്വന്ത് നാരായൺ അറിയിച്ചു.

വിദ്യാർത്ഥികൾക്ക് നേരിട്ടോ ഓൺലൈനായോ ക്ളാസുകളിൽ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ളാസിന് രജിസ്‌റ്റർ ചെയ്യാം. നേരിട്ട് എത്താൻ താൽപര്യപ്പെടുന്ന കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സമ്മതപത്രവുമായി വന്നാൽ അനുമതി നൽകും. ഓരോ ക്ളാസിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങനെ ക്ളാസ് വേണമെന്ന് തീരുമാനിക്കും. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ച ശേഷമാകും ക്ളാസുകൾ നടത്തുക. ഉപമുഖ്യമന്ത്രി പറഞ്ഞു.

എസ്.സി/എസ്.ടി, സാമൂഹ്യസുരക്ഷ,ഒബിസി ഹോസ്‌റ്റലുകളിൽ കുട്ടികൾക്ക് മതിയായ സുരക്ഷ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. കുട്ടികൾക്കായി മതിയായ വാഹന സൗകര്യവും ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അശ്വന്ത് നാരായൺ അറിയിച്ചു.