
ലോസ്ആഞ്ചലസ് : അന്യഗ്രഹ ജീവികൾ ഉണ്ടോ എന്ന് അറിയാനുള്ള ആഗ്രഹം ഏതൊരു മനുഷ്യനുമുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ അവർ നമ്മെളെയും നിരീക്ഷിക്കുന്നുണ്ടാകുമല്ലോ ! അപ്പോൾ സൗരയൂഥത്തിന് പുറത്തുള്ള ഏതൊക്കെ ഗ്രഹങ്ങളിൽ നിന്നും നോക്കിയാൽ ഭൂമിയെ കാണാൻ സാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ ? ഇതിന്റെ ഉത്തരവുമായെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് ഭൂമിയ്ക്ക് അടുത്ത്, അനുകൂല സ്ഥാനത്തുള്ള 1,000ത്തിലധികം നക്ഷത്രങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളിൽ അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ, അവിടെ നിന്നും നിരീക്ഷിക്കുമ്പോൾ, ഭൂമിയുടെ അന്തരീക്ഷത്തിലെ ജൈവമണ്ഡലത്തിന്റെ സൂചനകൾ അവർക്ക് മനസിലാക്കാൻ സാധിക്കുമത്രെ. ഇതിൽ ചില നക്ഷത്രങ്ങളെ ടെലിസ്കോപ്പിന്റെയോ ബൈനോകുലറിന്റെയോ സഹായമില്ലാതെ ഭൂമിയിൽ നിന്നും കാണാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു. ചുരുക്കത്തിൽ ഈ നക്ഷത്രങ്ങൾക്കരികിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഭൂമിയെ കാണാനും നിരീക്ഷിക്കാനും സാധിക്കും. ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്താനും അവർക്ക് കഴിയും.
നമ്മുടെ സൂര്യനെ പോലുള്ള 1,004 നക്ഷത്രങ്ങളെയാണ് ഇത്തരത്തിൽ ഗവേഷകർ കണ്ടെത്തിയത്. ഈ നക്ഷത്രങ്ങൾക്ക് ചുറ്റും ഭൂമിയെ പോലുള്ള ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടാകാം. നമ്മൾ ഇവിടെ നിന്നും നിരീക്ഷിക്കുന്നത് പോലെ ആ ഗ്രഹങ്ങളിൽ നിന്നും ഭൂമിയിലെ ജീവന്റെ രാസഘടന പോലും നിരീക്ഷിക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. അത്തരം ഗ്രഹങ്ങളിൽ ജീവികളുണ്ടെങ്കിൽ അവർക്ക് ഭൂമി ഒരു ' എക്സോ പ്ലാനറ്റ് ' ആണ്.
നമ്മുടെ സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം ' എക്സോ പ്ലാനറ്റ് ' എന്ന് പറയുന്നത്. 3,000ത്തിലധികം എക്സോ പ്ലാനറ്റുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന നക്ഷത്രങ്ങൾ ഭൂമിയിൽ നിന്നും 326 പ്രകാശ വർഷങ്ങൾ വരെ അകലെയുള്ളവയാണ്. സൂര്യനിൽ നിന്നും 28 പ്രകാശവർഷം അകലെയുള്ള നക്ഷത്രമാണ് ഇതിൽ ഏറ്റവും അടുത്തുള്ളത്.