kan

ബോസ്റ്റൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി അശോക് ആർ നാഥിന്റെ കാന്തി

'കാന്തി ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ്. കാന്തിയുടെയും നീലമ്മയുടെയും കഥയാണ്,പാർശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ നേർകാഴ്ചയാണ് കാന്തി. കേരളത്തിന്റെ തെക്കേയറ്റത്ത് അഗസ്ത്യാർ വനഭൂമിയിൽ അഗസ്ത്യന്റെ പിൻമുറക്കാരാണ് കാണിക്കാർ സമൂഹം. അവരുടെ നിഷ്‌കളങ്കമായ ജീവിതാനുഭവങ്ങൾ തന്നെയാണ് കാന്തിയിൽ അവലംബിക്കുന്നത്.കാണിയാർ ഭാഷയിൽ ഒരുക്കിയ ചിത്രംകൂടിയാണ് ഇത്.ലൈംഗിക പീഡനത്തിന് ഇരയായ നീലമ്മയ്ക്ക് ജനിക്കുന്ന അന്ധയായ കാന്തിയിലൂടെയാണ് ചിത്രം മുന്നേറുന്നത്.ഇവർ തമ്മിലുള്ള വളരെ വൈകാരികമായുള്ള ഒരു ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജതകൊണ്ട് സംഭവിക്കുന്ന ചില വലിയ ദുരന്തങ്ങളിലേക്ക് കാന്തി എത്തുന്നുണ്ട്.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കാന്തി ഒരുക്കിയത്. പണ്ട് കണ്ടുള്ള ഒരു പത്രക്കുറിപ്പാണ് കാന്തിയിലെത്തിച്ചത്. ഉത്തരേന്ത്യയിൽ സംഭവിച്ച ഒരു കാര്യമായിരുന്നു അത്. അങ്ങനെയൊരു പ്ലോട്ടിനെ ആദിവാസി മേഖലയിൽ നടന്നതെന്ന രീതിയിൽ കാണിച്ചുവെന്നു മാത്രം.ചെറിയ സിനിമയാണ് കാന്തി. കാന്തിക്ക് ലഭിക്കുന്ന ഓരോ അംഗീകാരം കൂട്ടായ്മയുടെ വിജയമാണ് . ബോസ്റ്റൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അംഗീകാരം കാന്തിയ്ക്ക് ലഭിച്ചത് അഭിമാനമാണ്. ഷൈലജ .പി അമ്പുവിന്റെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചത് സന്തോഷം തരുന്നതാണ്. ഷൈലജ അത് അർഹിക്കുന്നുണ്ട്. കാന്തിയായി എത്തിയ കൃഷ്ണ ശ്രീയും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഈ പുരസ്‌കാരം അഗസ്ത്യർ വനത്തിലെ കാണിക്കാർക്ക് സമർപ്പിക്കുന്നു. അവരുടെ സഹകരണം കൊണ്ടാണ് സിനിമ പൂർത്തിയായത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് തന്നെ ഞങ്ങൾ അവിടെയുണ്ടായിരുന്നു. കാടിന്റെ ശൈലികളും ഭാഷകളും അവരുടെ വിശ്വാസങ്ങളുമെല്ലാം പഠിക്കാൻ .കോട്ടൂരിലുള്ള പലരും കാന്തിയിൽ മുഖം കാണിച്ചിട്ടുണ്ട്. അടുത്ത വർഷം സംസഥാന അവാർഡിനു അപേക്ഷിക്കും. നേരത്തെ ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി കാന്തി തിരഞ്ഞടുത്തിരുന്നു.ലോകം മുഴുവൻ ഉറ്റുനോക്കുന്ന കാൻ ഫെസ്റ്റിവലിൽ മാർക്കറ്റിംഗ് സെക്ഷനിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. അശോക് ആർ നാഥ് പറഞ്ഞു.


അശോക്. ആർ നാഥ്

1997 ൽ ജയരാജ് ചിത്രം കളിയാട്ടത്തിന്റെ സഹസംവിധായകനായി തുടക്കം. നിരവധി സിനിമകളുടെ സഹസംവിധയകനായി. 2003 ൽ സഫലം എന്ന ചിത്രം സംവിധാനം ചെയ്തു സ്വതന്ത്ര സംവിധായകനായി. ആദ്യ സിനിമയ്ക്ക് തന്നെ ദേശിയ അംഗീകാരം ലഭിച്ചു. ഡിസംബർ ,മിഴികൾ സാക്ഷി , പേർഷ്യക്കാരൻ ,വെൺ ശംഖുപോലെ ,ക്രോസ്സ് റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചു. തിരുന്തുട കാതൽ തിരുട എന്ന തമിഴ് സിനിമയും ചെയ്തു.