
പതിനാലാം വയസിൽ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്തിന്? ആ കൗമാരക്കാരിയുടെ വയറ്റിൽ ഒരവിഹിതഗർഭം വളരുന്നുണ്ടായിരുന്നു. പക്ഷേ അവൾ ആശ്രമത്തിൽ വിജയിച്ചില്ല. മാസം തികയാത്ത ഒരു കുഞ്ഞിനെ അവൾ പ്രസവിച്ചു. പക്ഷേ അധികം വൈകാതെ ആ കുഞ്ഞ് മരണപ്പെട്ടു. ഒൻപതാം വയസിലാണ് 19 കാരനായ അവളുടെ കസിൻ അവളെ പീഡിപ്പിക്കുന്നത്. അന്നു മുതൽ 14 വയസുവരെ അവൾക്ക് പല ബന്ധുക്കളിൽ നിന്നും കുടുംബസുഹൃത്തിൽ നിന്നുമൊക്കെ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നു.
ഈ കഥ നമ്മോട് പറയുന്നത് മറ്റാരുമല്ല. ലോകപ്രശസ്ത ടി.വി കലാകാരിയായ ഓപ്പറ വിൻഫ്രേയാണ്. 1986ൽ തന്റെ ജനസമ്മതി നേടിയ 'ഓപ്പറ വിൻഫ്രേ ഷോ" എന്ന ടോക് ഷോയിൽ അവർ സ്വന്തം ജീവിതം വെളിപ്പെടുത്തി. പീഡന പർവത്തിൽ നിന്ന് സമൃദ്ധിയുടെയും പ്രശസ്തിയുടെയും പർവതശിഖരത്തിൽ എത്തിനിൽക്കുന്ന വിൻഫ്രേ ഇന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ മുൻനിരയിലാണ്.
1954ൽ അവിവാഹിതയായ ഒരു കൗമാരക്കാരിക്ക് പിറന്ന ആഫ്രിക്കൻ അമേരിക്കൻ വംശജയാണ് ഓപ്പറ വിൻഫ്രേ. അവരുടെ ബാല്യ - കൗമാരങ്ങൾ കൊടിയ പീഡനങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ദുരന്തങ്ങളുടെയും കാലമായിരുന്നു. അവയൊക്കെ ഇച്ഛാശക്തികൊണ്ടും സർഗശേഷികൊണ്ടും അതിജീവിച്ച ഓപ്പറ വിൻഫ്രേ പീഡനം അനുഭവിക്കുന്ന ഏതൊരു പെൺകുട്ടിയുടെയും പ്രചോദനമാണ്.
ലോകകോടീശ്വരികളുടെ മുൻപന്തിയിൽ നിൽക്കുന്ന ഓപ്പറ വിൻഫ്രേ അഭിനേത്രി, ടെലിവിഷൻ അവതാരക, ടെലിവിഷൻ പ്രൊഡ്യൂസർ, പ്രഭാഷക, ജീവകാരുണ്യപ്രവർത്തക, എഴുത്തുകാരി, റേഡിയോ പ്രക്ഷേപക തുടങ്ങി വിവിധ നിലകളിൽ തിളങ്ങുന്നു. പീഡിതകൗമാരത്തെക്കുറിച്ചുള്ള ഓർമ്മകൾ തന്റെ കരുത്തും സർഗക്രിയയുമാക്കി മാറ്റാൻ വിൻഫ്രേക്ക് കഴിഞ്ഞതാണ് അനുപമമായ ഈ വിജയത്തിനു കാരണം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ ടോക്ക് ഷോ ആയിരുന്നു ' ദി ഓപ്പറ വിൻഫ്രേ ഷോ". 1986 മുതൽ 2011 വരെ നീണ്ട ഇരുപത്തിയഞ്ചുവർഷം ആ ടെലിവിഷൻ ഷോ ജനപ്രിയമായി തുടർന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും സമ്പന്നയായ ആഫ്രിക്കൻ - അമേരിക്കൻ വനിതയായി അവരെ ഉയർത്തിയത് ഈ ഷോയാണ്.
വടക്കേ അമേരിക്കയിലെ കറുത്തവർഗക്കാരിയായ ആദ്യശതകോടീശ്വരിയും അവരാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കറുത്തവർഗക്കാരിയായ ജീവകാരുണ്യപ്രവർത്തകയും വിൻഫ്രേയാണ്. 2007ൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത എന്ന ബഹുമതിയും അവർക്കായിരുന്നു. അസ്വസ്ഥവും അനാഥവുമായ ബാല്യത്തിൽ അമ്മൂമ്മ, അമ്മ, അച്ഛനെന്നു പറയപ്പെടുന്ന വ്യക്തി എന്നിവരോടൊത്ത് മാറിമാറി ജീവിക്കേണ്ടിവന്ന ഓപ്പറ വിൻഫ്രേയ്ക്ക് ഒരിടത്തും സമാധാനവും സന്തോഷവും കിട്ടിയില്ല. വീട്ടുജോലിക്കാരിയും ദരിദ്രയുമായ വെമിറ്റലീ ആയിരുന്നു അവളുടെ അമ്മ. ചെറിയ പ്രായത്തിൽ അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ ക്ഷതങ്ങൾ അവളെ കരുത്തുറ്റ ഒരു സ്ത്രീയാക്കി മാറ്റി. ജീവിതത്തിൽ മത്സരബുദ്ധിയോടെ നീങ്ങിയ അവളെ ആർക്കും പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. ഗതകാലക്ഷതങ്ങളെക്കുറിച്ചോർത്ത് കരഞ്ഞുതീർക്കാനുള്ളതല്ല ജീവിതം എന്ന് അവളുടെ ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു. ദുരിതങ്ങളും പരിഹാസങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ലോകത്തിലെ എല്ലാ പെൺകുട്ടികൾക്കും എക്കാലത്തെയും പ്രചോദനമായി ഓപ്പറ വിൻഫ്രേ ഇന്ന് മുന്നിലുണ്ട്.
ടോക്ക് ഷോയിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവന്നത് വിൻഫ്രേയായിരുന്നു. ടെലിവിഷൻ ഷോയുടെ പഴഞ്ചൻ ശൈലി നവീകരിച്ച് പുതിയശൈലിയും സങ്കേതങ്ങളും ആവിഷ്കരിക്കുന്നതിൽ അവർ വിജയിച്ചു. അതിവൈകാരികതയുടെയും തുറന്നുപറച്ചിലിന്റെയും പേരിൽ ചിലർ വിമർശനമുയർത്തിയെങ്കിലും ഓപ്പറ വിൻഫ്രേ ഷോ ലോകടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും വലിയ ജനകീയ പരിപാടി ആയി മാറി. അമേരിക്കൻ രാഷ്ട്രീയത്തിൽ പോലും നിർണായക സ്വാധീനം ചെലുത്താനും ബാരക് ഒബാമയെ അധികാരത്തിലേറ്റുന്നതിന് വലിയ പങ്കുവഹിക്കാനും വിൻഫ്രേയ്ക്കു കഴിഞ്ഞു.
ഡ്യൂക്ക് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ച വ്യക്തിയാണ് ഈ മഹതി. 2013 ൽ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം എന്ന പ്രസിഡന്റിന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി ദേശീയ - അന്തർദ്ദേശിയ പുരസ്കാരങ്ങളും അവരെ തേടിയെത്തി. ഓപ്പറ വിൻഫ്രേ നെറ്റ് വർക്ക് എന്ന ടെലിവിഷൻ ചാനലിനും അവർ നേതൃത്വം കൊടുക്കുന്നു.
ബാല്യത്തിൽ ദരിദ്രയായ അമ്മൂമ്മയോടൊപ്പം കഴിയവേ, ഉരുളക്കിഴങ്ങുചാക്ക് വസ്ത്രമായി ഉപയോഗിക്കേണ്ടിവന്നതിനെക്കുറിച്ചും അതിന്റെ പേരിൽ മറ്റു കുട്ടികളുടെ ക്രൂരമായ പരിഹാസത്തിന് ഇടയാകേണ്ടി വന്നതിനെ കുറിച്ചുമൊക്കെ വിൻഫ്രേ പറയുന്നുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട് ആത്മാവ് മുറിഞ്ഞുപോയ ഒരു പെൺകുട്ടിയുടെ സഹനത്തിന്റെയും ഇച്ഛാശക്തിയുടെയും വിജയകഥയാണ് ഓപ്പറ വിൻഫ്രേ എന്ന പേരിൽ കുടിയിരിക്കുന്നത്. പ്രതിസന്ധികൾ നമുക്ക് സ്വയം ശക്തിപ്പെടുത്താനുള്ള പ്രചോദനങ്ങളായി മാറുമ്പോൾ ദുരിതങ്ങളുടെ ഭൂതകാലം ഒരു ദുഃസ്വപ്നം മാത്രമായി അവശേഷിക്കും. ഇന്ന് ഓപ്പറ വിൻഫ്രേ ആയിരക്കണക്കിനു സ്ത്രീകളുടെ അഭയവും വിശ്വാസവും പ്രചോദനവുമാണ്. വിജയപഥത്തിലെ ശുക്രനക്ഷത്രമാണ് !