debate

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ അവസാന ഘട്ട സംവാദവും പൂർ‌ത്തിയായി. നാഷ് വില്ലെയിലെ ബെൽമോണ്ട് സർവകലാശാലയിൽ ഇന്ത്യൻ സമയം ഇന്നലെ 6:30 ന് സംവാദം ആരംഭിച്ചു. ആദ്യ സംവാദത്തിൽ നിന്ന് വിഭിന്നമായി റിപ്പബ്ലിക് സ്ഥാനാർത്ഥിയും അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും പരസ്പരം മര്യാദ പാലിച്ചു. ആദ്യ സംവാദത്തിൽ ട്രംപും ബൈഡനും പരിധി ലംഘിച്ചിരുന്നു. ഇതോടെ സമയക്രമം പാലിക്കാതെയും ഇടയ്ക്കു കയറിയും സംസാരിച്ചാൽ മൈക്രോഫോൺ മ്യൂട്ട് ചെയ്യാൻ സംവാദ സമിതി തീരുമാനമെടുത്തിരുന്നു. കൊവിഡ് പ്രതിരോധം, വംശീയത, കാലാവസ്ഥ വ്യതിയാനം, തിരഞ്ഞെടുപ്പ് സുരക്ഷ, സാമ്പത്തിക ആരോപണങ്ങൾ എന്നിവയായിരുന്നു മുഖ്യ ചർച്ചാവിഷയമായത്. ജോ ബൈഡൻ അവസാന സംവാദത്തിലും ട്രംപിനെതിരെ ആയുധമാക്കിയത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തന്നെയായിരുന്നു.

കൊവിഡിനെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചെന്ന് ട്രംപ് അവകാശപ്പെട്ടപ്പോൾ കൊവിഡ് പ്രതിരോധത്തിൽ ട്രംപിന് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നില്ലെന്ന് ബൈഡൻ തിരിച്ചടിച്ചു. ഇത്രയധികം കൊവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡൻ പറഞ്ഞു.

ആഴ്ചകൾക്കുള്ളിൽ വാക്‌സിൻ തയ്യാറാകുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, കൊവിഡിനെ നേരിടുന്നതിൽ ട്രംപ് ഭരണകൂടം പരാജയമാണെന്ന് ബൈഡൻ ആവർത്തിച്ചു. അതിർത്തികൾ അടയ്ക്കുന്നതിനെ എതിർത്ത ബൈഡൻ രാജ്യത്തിന് വേണ്ടത് ബൃഹത്തായ സമ്പദ്ഘടനയാണെന്നും വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി പണം ചിലവഴിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടെന്നും കൂട്ടിച്ചേർത്തു.

എന്നാൽ ജനം കൊവിഡിനൊത്ത് ജീവിക്കാൻ പഠിച്ചുവെന്നും തന്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് പറയുന്നു. എന്നാൽ അമേരിക്കൻ ജനത കൊവിഡുമൊത്ത് ജീവിക്കുകയല്ല മരിക്കുകയാണ് എന്നായിരുന്നു ബൈഡന്റെ മറുപടി.

ട്രംപിന് ചൈനയിൽ രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും നികുതി അടയ്ക്കുന്നതിൽ ട്രംപ് പരാജയമാണെന്നും ബൈഡൻ ആരോപിച്ചപ്പോൾ ബൈഡനും മകനും ചൈനയിൽ നിന്നും ഇറാക്കിൽ നിന്നും പണം സമ്പാദിച്ചെന്നും ട്രംപ് തിരിച്ചടിച്ചു. ചൈനയിലെ തന്റെ ഓഫീസ് പ്രവർത്തനം നിറുത്തിയപ്പോൾ അക്കൗണ്ടും അവസാനിപ്പിച്ചെന്നും അദ്ദേഹം ബൈഡന് മറുപടി നൽകി. അതേസമയം, തിരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപ് റഷ്യയെ വിമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് വർണവെറി സ്ഥാപനവത്കരിക്കപ്പെട്ടെന്നും ബൈഡൻ ആരോപിച്ചു.

എന്നും കറുത്ത വംശജരെ പാർശ്വവത്കരിക്കുന്ന നിലപാടടെടുത്ത ട്രംപ് സംവാദത്തിൽ കറുത്ത വർഗക്കാരെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. അവർക്ക് തന്നോട് തിരിച്ചും ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു. 1994ൽ കറുത്തവർഗക്കാരെ ‘സൂപ്പർ പ്രിഡേറ്റേഴ്‌സ്’ എന്ന് വിളിച്ച വ്യക്തിയാണ് ബൈഡനെന്നും ട്രംപ് ആരോപിച്ചു.

കുടിയേറ്റക്കാരുടെ കുട്ടികൾക്ക് നൽകുന്ന സൗജന്യം (ഡാകാ) പുനഃസ്ഥാപിക്കുമെന്നും ബൈഡൻ പറഞ്ഞു. കുട്ടികളായിരിക്കെ രേഖകളില്ലാതെ യു.എസിൽ എത്തിയ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന നിയമം നൂറു ദിവസത്തിനുള്ളിൽ നടപ്പാക്കും. ഇന്ത്യക്കാരടക്കമുള്ളവർക്ക് ഇത് പ്രയോജനപ്പെടും.