
ലണ്ടൻ : വർഷങ്ങളായി വൃത്തിയാക്കാതെ കിടന്ന ഒരു വീട് ആണിത്. 50 മണിക്കൂറത്തെ പരിശ്രമം കൊണ്ട് ആറ് പേർ ചേർന്നാണ് ഈ വീടിന് പുതുജീവൻ നൽകിയത്. ഇത്രയ്ക്കും വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ഇവിടെ ആൾതാമസം ഇല്ലായിരുന്നു എന്ന് കരുതേണ്ട.

80കാരനായ ഒരു വൃദ്ധൻ ഇവിടെ താമസിക്കുന്നുണ്ട്. തന്റെ ഭാര്യ മരിച്ചതിന് ശേഷം ഇദ്ദേഹം വീട് വൃത്തിയാക്കിയിട്ടേ ഇല്ല. ഇംഗ്ലണ്ടിലെ കംബ്രിയയിലെ ഡാൾട്ടണിലാണ് രണ്ട് ബെഡ്റൂമുകളോട് കൂടിയ വീട് സ്ഥിതി ചെയ്യുന്നത്. അഴുക്കും പൊടിയും വീടിന്റെ മുക്കിലും മൂലയിലും കട്ടപിടിച്ചു പോയി.

ഏറെ പണിപ്പെട്ടാണ് ആറ് ക്ലീനിംഗ് ജീവനക്കാർ ചേർന്ന് ഇത് വൃത്തിയാക്കിയെടുത്തത്. കൊവിഡ് സാഹചര്യത്തിൽ ഫേസ്മാസ്കും സുരക്ഷാ വസ്ത്രവുമൊക്കെ ധരിച്ചായിരുന്നു ജോലി. വൃദ്ധൻ ചപ്പുചവറുകൾ ഉൾപ്പെടെയുള്ളവ വീട്ടിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്.

അടുക്കളയുടെയും ബാത്ത്റൂമിന്റെയും സ്ഥിതി അതീവ ശോചനീയമായിരുന്നു. വൃദ്ധന്റെ ചില സുഹൃത്തുക്കൾ ചേർന്നാണ് ക്ലീനിംഗ് സർവീസിനെ സമീപിച്ചത്. ഇല്ലായിരുന്നെങ്കിൽ വൃദ്ധൻ ശിഷ്ടകാലം പ്രേതാലയം പോലുള്ള വീടിന്റെ അന്തരീക്ഷത്തിൽ തന്നെ തുടർന്ന് താമസിച്ചേനെ.

അല്പം ബുദ്ധിമുട്ടിയാണെിലും വീട് വൃത്തിയായതോടെ വൃദ്ധന്റെ സുഹൃത്തുക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഇത്രയും മനോഹരമായ വീടാണല്ലോ ഇത്രയും നാൾ കണ്ടാൽ അറപ്പുളവാക്കുന്ന രീതിയിൽ കിടന്നിരുന്നത്.

തങ്ങൾ ഏറ്റെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ജോലിയായിരുന്നു ഈ വീട് വൃത്തിയാക്കിയെടുക്കുക എന്നതെന്നാണ് ക്ലീനിംഗ് സർവീസ് ജീവനക്കാർ പറയുന്നത്. വീട് വൃത്തിയാക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.