cochin-shipyard

 നിക്ഷേപം നടത്തി രാധാകിഷൻ ധമാനി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽ നിർമ്മാണ - അറ്റകുറ്റപ്പണി സ്ഥാപനമായ കൊച്ചി കപ്പൽശാലയുടെ ഓഹരിവില ഇന്നലെ അഞ്ചു ശതമാനം വർദ്ധിച്ച് 378 രൂപവരെ എത്തി. പ്രമുഖ നിക്ഷേപകനായ രാധാകിഷൻ ധമാനി പൊതുവിപണിയിൽ നിന്ന് കൊച്ചി കപ്പൽശാലയുടെ 6.94 ലക്ഷം ഓഹരികൾ വാങ്ങിയതാണ് കാരണം.

വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് 362.75 രൂപയിലാണ്. വ്യാഴാഴ്‌ച ഓഹരിവില 10 ശതമാനം ഉയർന്നിരുന്നു. ഓഹരിയൊന്നിന് 349.14 രൂപ നിരക്കിൽ ആകെ 27 കോടി രൂപയുടെ ഓഹരികളാണ് ധമാനി വാങ്ങിയതെന്ന് ദേശീയ ഓഹരി സൂചികയിൽ (എൻ.എസ്.ഇ) നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കി.

'ആത്മനിർഭർ ഭാരത്" കാമ്പയിന്റെ ഭാഗമായി, ആഭ്യന്തര കപ്പൽ നിർമ്മാണം പ്രോത്സാഹിപ്പിക്കാനുള്ള ലൈസൻസിംഗ് ഭേദഗതികൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് രാധാകിഷൻ ധമാനി കൊച്ചി കപ്പൽശാല ഓഹരികൾ വാങ്ങിക്കൂട്ടിയത്. 2017 ആഗസ്റ്റിലായിരുന്നു കൊച്ചി കപ്പൽശാലയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ). കപ്പൽശാലയുടെ 72.86 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ കൈവശമാണ്.

ഈമാസം ഒമ്പത് സി.ഐ.ഐയുടെ 'ഗ്രീൻ കോ സിൽവർ റേറ്റിംഗ്" അംഗീകാരം കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചിരുന്നു. നേവി, കോസ്‌റ്റ്ഗാർഡ് തുടങ്ങിയവയിൽ നിന്നുൾപ്പെടെ മൊത്തം 10,000 കോടിയിലേറെ രൂപയുടെ ഓർഡറുകൾ ഇപ്പോൾ കൊച്ചി കപ്പൽശാലയ്ക്കുണ്ട്.