bird

വാഷിംഗ്ടൺ: ശിവ പാർവതിമാർ ഒന്നായി ലയിച്ചാണ് അർദ്ധനാരീശ്വരനാകുന്നത്. ഇപ്പോഴിതാ അങ്ങ് അമേരിക്കയിലെ പവർ‌മിൽ നേച്ചർ റിസർവിലെ കാർനെഗി മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററി പാതി ശരീരം ആണിന്റേതും പാതി പെണ്ണിന്റേതുമായ ഒരു പക്ഷിയെ കണ്ടെത്തിയിരിക്കുകയാണ്. ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇവിടെ ഇത്തരത്തിലൊരു പക്ഷിയെ കണ്ടെത്തുന്നത്. "സംഘത്തിലുള്ള എല്ലാവരും വളരെയധികം വളരെ ആവേശത്തിലാണ്. വളരെ അപൂർവമായ ഒന്ന് കണ്ടെത്തിയതിന്റെ സന്തോഷം എല്ലാവർക്കുമുണ്ട്. കാർനെഗി മ്യൂസിയം ഒഫ് നാച്ചുറൽ പ്രോഗ്രാം മാനേജർ ആനി ലിൻഡ്സെ പറഞ്ഞു.

ബൈലാറ്ററൽ ഗൈനാൻ‌ഡ്രോമോർഫിസം

പക്ഷിയുടെ ജനിതക മാറ്റം എങ്ങനെ സംഭവിച്ചുവെന്നുള്ളത് കണ്ടെത്താൻ പഠനം നടത്തുമെന്ന് ഗവേഷകർ പറഞ്ഞു. ബൈലാറ്ററൽ ഗൈനാൻ‌ഡ്രോമോർഫിസം എന്നാണ് ഈ ജനിതക വ്യതിയാനത്തിന് പറയുന്നത്. പക്ഷികളുടെ മുട്ടയിലുണ്ടാകുന്ന ജനിതക മാറ്റമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്. പുരുഷ-സ്ത്രീ കോശങ്ങൾ ഒരു ഭ്രൂണത്തിന് രൂപം നൽകുന്നതാണ് ഇതിനു കാരണം. പക്ഷിയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച തൂവൽ ഉപയോഗിച്ച് ഈ ജനിതക മാറ്റം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് ലിൻഡ്സെ പറഞ്ഞു.പത്ത് ലക്ഷത്തിൽ ഒന്ന് എന്ന നിലയ്ക്കാണ് ഇത്തരത്തിലുള്ള പക്ഷികളെ കാണാറുള്ളത്. അതിനാൽ തിരിച്ചറിയപ്പെടാനും ബുദ്ധിമുട്ടാണ്. ഇതുവരെ ഇത്തരത്തിലുള്ള അഞ്ച് പക്ഷികളെയാണ് കണ്ടെത്തിയിട്ടുണ്ട്.

 റോസ് ബ്രെസ്റ്റഡ് ഗ്രോസ്ബീക്ക്

റോസ് ബ്രെസ്റ്റഡ് ഗ്രോസ്ബീക്ക് എന്നാണ് ഈ പക്ഷിയുടെ പേര്. ആൺ പക്ഷികളുടെ ചിറകിന്റെ ഉൾഭാഗത്ത് പിങ്ക് നിറവും പെൺ പക്ഷികൾക്ക് ഓറഞ്ച് നിറവുമുണ്ട്. ഈ നിറവ്യത്യാസമാണ് ഇവയെ തിരച്ചറിയാൻ സഹായിക്കുന്നത്. എന്നാൽ ഈ പക്ഷിയുടെ ശരീരത്തിന്റെ പാതി പിങ്കും മറുപാതി ഓറഞ്ചുമാണ്. ഇതാണ്, പ്രത്യേകത തിരിച്ചറിയാൻ ഗവേഷകരെ സഹായിച്ചത്.

ഗൈനാൻ‌ഡ്രോമോർഫിസം പക്ഷികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇനിയും വ്യക്തമല്ല.

എന്നിരുന്നാലും, പക്ഷിയുടെ ഇണ ചേരാനുള്ള കഴിവിനെ ഇത് തീർച്ചയായും ബാധിക്കും. ശരീരത്തിലെ പെൺ ഭാഗത്ത് ഒരു അണ്ഡാശയം ഉണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കിൽ അതിന് ആൺ ഇണയെ ആകർഷിക്കാനും പ്രത്യുൽപാദനം നടത്താനും സാധിക്കും." ആനി ലിൻഡ്സെ പറഞ്ഞു. പ്രജജന കാലമല്ലാത്തതിനാൽ ഇതിന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ല. അതിനാൽ കൂടുതൽ പഠനത്തിലൂടെ മാത്രമേ പക്ഷിയുടെ ജനിതക സ്വഭാവത്തെ പഠിക്കാൻ സാധിക്കൂ.

പക്ഷിക്ക് ഏകദേശം ഒരു വയസ് പ്രായമാണുള്ളത്. അതായത് പ്രായപൂർത്തിയാകുന്നതുവരെ അതിന് ജീവിക്കാൻ കഴിഞ്ഞു.