
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണത്തിന് ഡി.സി.ജി.ഐ അനുമതി നൽകിയിരിക്കുകയാണ്. മൂന്നാംഘട്ട പരീക്ഷണ ഫലം അടുത്ത വർഷം ഏപ്രിൽ,മേയ് മാസങ്ങളോടെ പ്രസിദ്ധീകരിക്കും. കൊവാക്‌സിന്റെ ക്ഷമത 60% വരെയാണെന്നും പരീക്ഷണഫലങ്ങൾ 2021ഏപ്രിൽ-മേയ് മാസങ്ങളോടെ ലഭിക്കുമെന്ന് ഭാരത് ബയോടെക് ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സായ് പ്രസാദ് അറിയിച്ചു.
ലോകാരോഗ്യ സംഘടന മാർഗനിർദ്ദേശം അനുസരിച്ച് ഒരു വാക്‌സിന്റെ സുരക്ഷ, നിലവാരം എന്നിവക്ക് അവ 50% ക്ഷമതയുളളതായിരിക്കണം എന്ന് നിർബന്ധമുണ്ട്. കൊവാക്‌സിന് ഇത് 60 ശതമാനം ഉണ്ടെന്നത് ശുഭസൂചനയായാണ് രാജ്യം കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയും അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ എന്നീ സംഘടനകൾ കൽപിക്കുന്ന സുരക്ഷാ നിലവാരം കൊവാക്‌സിനുണ്ട് എന്നർത്ഥം.
നവംബർ ആദ്യ വാരമോ മദ്ധ്യത്തിലോ മൂന്നാംഘട്ട കൊവാക്‌സിൻ പരീക്ഷണം ആരംഭിക്കും, 25 മുതൽ 30 ഇടങ്ങളിലായി 26,000 പേരിലാണ് പരീക്ഷണം നടത്തുക. ഒന്നാംഘട്ട പരീക്ഷണത്തിന് 375 പേരെയാണ് ഉപയോഗിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ ഇത് 2400 ആയി. ഒന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി വിവരം ഡി.സി.ജി.ഐയ്‌ക്ക് സമർപ്പിച്ചിരുന്നു. പറയത്തക്ക സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടാം ഘട്ട പരീക്ഷണത്തിൽ സുരക്ഷാ പരീക്ഷണം കഴിഞ്ഞു. ഇതിന്റെ ഇടക്കാല ഫലം നവംബറിൽ പുറത്തെത്തുമെന്നും ഭാരത് ബയോടെക് അധികൃതർ അറിയിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ),ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും ചേർന്നാണ് സഹകരണത്തോടെ കൊവാക്‌സിൻ നിർമ്മിക്കുന്നത്. മൂന്നാംഘട്ട ട്രയലിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്നത് കമ്പനിക്ക് വാക്‌സിൻ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ സഹായിക്കും. 150 മില്യൺ ഡോസ് വാക്‌സിനുകളാണ് നിർമ്മിക്കുവാൻ കമ്പനി പദ്ധതിയിടുന്നത്. 150 കോടി രൂപയാണ് മൂന്നാംഘട്ട പരീക്ഷണത്തിനായി ചിലവഴിക്കാൻ പോകുന്നതെന്നും കമ്പനി അറിയിച്ചു.