pele-80

80-ാം പിറന്നാൾ ലളിതമായി ആഘോഷിച്ച് ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ

ലോക ഫുട്ബാളിന്റെ തമ്പുരാനായി വാഴ്ത്തപ്പെടുന്ന ബ്രസീലിയൻ ഇതിഹാസതാരം പെലെയ്ക്ക് ഇന്നലെ 80 വയസ് തികഞ്ഞു. കുറച്ചുമാസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന പെലെ ആശുപത്രി വാസത്തിന് ശേഷം സാന്റോസിലെ വീട്ടിൽ വിശ്രമിക്കുന്ന ഫുട്ബാൾ തമ്പുരാൻ നവോന്മേഷത്തോടെ പിറന്നാൾ ആഘോഷിച്ചു.ബ്രസീലിൽ അതിരൂക്ഷമായി തുടരുന്ന കൊവിഡ് സാഹചര്യത്തിൽ പതിവുപോലെ ലളിതമായാണ് പിറന്നാൾ ആഘോഷമെന്ന് പെലെ പറഞ്ഞെങ്കിലും എക്സിബിഷനുകളും സിനിമാപ്രദർശനവുമൊക്കെയായി നാട്ടുകാർ പിറന്നാൾ ദിനം അവിസ്മരണീയമാക്കി.

കഴിഞ്ഞ ദിവസം ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പെലെ പിറന്നാളിനെക്കുറിച്ച് സന്തോഷത്തോടെ സംസാരിച്ചു.താൻ ആരോഗ്യവാനാണെന്നും ഫുട്ബാൾ കളിക്കാൻ കഴിയുന്നില്ലെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ജന്മദിനസന്ദേശ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ബ്രസീലിനും ബ്രസീലുകാർക്കും നന്ദി. ബ്രസീലിന്റെ മഞ്ഞക്കുപ്പായമണിയുന്നത് എല്ലായ്പ്പോഴും എന്നെ സന്തോഷവാനാക്കിയിരുന്നു. പിറന്നാൾ ആശംസ അറിയിച്ച എല്ലാവർക്കും നന്ദി. ആരോഗ്യപരമായി പണ്ടത്തെപ്പോലെ അത്ര നല്ല സമയം അല്ല എന്നേയുള്ളൂ; ഇപ്പോൾ വലിയ കുഴപ്പങ്ങളൊന്നുമില്ല. എന്റെ പ്രായത്തിലുള്ളവരുടെ ജീവിതത്തിൽ അതൊക്കെ സ്വാഭാവികമാണ്. ഇപ്പോൾ ഇത്രയെങ്കിലും നന്നായി ജീവിക്കാൻ അനുഗ്രഹം നൽകിയതിന് ദൈവത്തിനോട് നന്ദിപറയുന്നു. ലോകത്ത് എവിടെയൊക്കെ പോയിട്ടുണ്ടോ അവി‌ടെയെല്ലാം ഫുട്ബാളിന്റെ പേരിൽ എനിക്ക് നല്ല സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ഞാൻ മരിച്ചുചെല്ലുമ്പോൾ അതുകൊണ്ടുതന്നെ ദൈവവും എന്നെ ഹൃദയപൂർവ്വം സ്വീകരിക്കും.

-പെലെ പിറന്നാൾ ദിന സന്ദേശത്തിൽ.

പിറന്നാൾ പാട്ട്

ജന്മദിനത്തിന് ദിവസങ്ങൾക്കു മുൻപ് ആരാധകർക്കായി സ്വന്തമായി എഴുതിയ ഒരു പാട്ട് പെലെ പുറത്തിറക്കി . ഗ്രാമി പുരസ്കാര ജേതാക്കളായ റോഡ്രിഗോയ്ക്കും ഗബ്രിയേലയ്ക്കുമൊപ്പമാണ് പെലെ ‘ഈ വൃദ്ധനെ കേൾക്കൂ’ എന്ന പാട്ട് പുറത്തിറക്കിയത്. 2005ൽ ബ്രസീലിയൻ ജാസ് സംഗീതജ്ഞൻ റുറിയ ദുപാർട്ടിനൊപ്പം പെലെ എഴുതിയതാണ് ഈ പാട്ട്.

പെലെയുടെ കാലം

1940

ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ജെറെയ്സ് സംസ്ഥാനത്തെ ട്രെസ് കൊറാസോസിലാണ് എഡ്സൻ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയുടെ ജനനം. പിതാവ് ഡോണ്ടിഞ്ഞോ പ്രഫഷനൽ ഫുട്ബോൾ താരമായിരുന്നു. മാതാവ് സെലെസ്റ്റെ അരാന്റെസ്. ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസന്റെ പേരാണ് മാതാപിതാക്കൾ പെലെയ്ക്ക് നൽകിയത്.

1956

ൽ ആദ്യമായി ബ്രസീലിയൻ ക്ളബ് സാന്റോസിന്റെ കുപ്പായമണിയുമ്പോൾ 16 വയസ്.18 കൊല്ലം കൊണ്ട് സാന്റോസിനായി കളിച്ചത് 496 മത്സരങ്ങൾ. 504 ഗോളുകളാണ് ഈ ക്ളബിനായി നേടിയത്.

1957

ജൂലായ് ഏഴിന് വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ ബ്രസീലിയൻ ദേശീയ ജഴ്സിയിൽ അരങ്ങേറ്റം. ആദ്യ എതിരാളികൾ അർജന്റീന. മത്സരത്തിൽ ബ്രസീൽ 2-1ന് ജയിച്ചപ്പോൾ ഒരു ഗോൾ നേടിയത് പെലെ. 16-ാം വയസിൽ രാജ്യത്തിനായി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി കുറിച്ച റെക്കാഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ല.

1958

ൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സ്വീഡനിലെത്തി ആദ്യ ലോകകപ്പ് നേട്ടം. ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ (17വർഷം,249 ദിവസം) കളിക്കാരനും പെലെയായിരുന്നു.ഈ ലോകകപ്പിൽ ഫ്രാൻസിനെതിരെ ഹാട്രിക്കും നേടി.

1962

ൽ പെലെയുടെയും ബ്രസീലിന്റെയും രണ്ടാം ലോകകപ്പ് നേട്ടം. മെക്സിക്കോയ്ക്ക് എതിരെ നാല് ഡിഫൻഡർമാരെ വെട്ടിച്ചുനേടിയ ഗോൾ സുപ്രസിദ്ധം. ചെക്ക്സ്ളൊവാക്യയ്ക്കെതിരെ പരിക്കേറ്റതിനാൽ നിർണായക മത്സരങ്ങളിൽ കളിക്കാനായില്ല.

1970

പെലെയുടെ മൂന്നാം ലോകകപ്പ്.ടൂർണമെന്റിലെ ടീമിന്റെ പകുതിയിലേറെ ഗോളുകളും നേടിയ പെലെ ഗോൾഡൻ ബാളിനും അർഹനായി.

1971

പെലെയുടെ അവസാന അന്താരാഷ്ട്ര മത്സരം യുഗോസ്ളാവിയയ്ക്ക് എതിരെ റിയോ ഡി ജനീറോയിൽ .അഞ്ചുവർഷങ്ങൾക്ക് ശേഷം ഫ്ളെമിംഗോ ക്ളബിനെതിരായ സൗഹൃദമത്സരത്തിൽ ബ്രസീലിനായി വിടവാങ്ങൽ മത്സരം എന്ന നിലയിൽ ഇറങ്ങി.

1975

സാന്റോസി​ൽ നി​ന്ന് കൂടുമാറി​ അമേരി​ക്കൻ ക്ളബ് ന്യൂയോർക്ക് കോസ്മോസി​ൽ. രണ്ടുവർഷത്തോളം അവി​‌ടെ കളി​ച്ചു.

1977

ൽ അവസാന മത്സരം കളിച്ചു. സാന്റോസും കോസ്മോസും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ കോസ്മോസിനായും രണ്ടാം പകുതിയിൽ സാന്റോസിനായും കുപ്പായമിട്ടു.

92

ലോകഫുട്ബാളിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ താരം പെലെയാണ്.92 എണ്ണം. ബ്രസീലിനായി കളിച്ച മത്സരങ്ങളുടെ എണ്ണവും 92 ആണ്. 77 ഗോളുകളും നേടി.

67 വി​ജയങ്ങൾ,14 സമനി​ലകൾ, 11 തോൽവി​കൾ എന്നിങ്ങനെയാണ് ബ്രസീലിയൻ കുപ്പായത്തിലെ പെലെയുടെ കളിക്കണക്കുകൾ. പെലെയും ഗാരിഞ്ചയും ഒരുമിച്ച കളിച്ചപ്പോഴൊന്നും ബ്രസീൽ തോറ്റിട്ടില്ല.

20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരമായി ഫിഫയും ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിയും തിരഞ്ഞെടുത്തത് പെലെയെയാണ്.

മൂന്ന് ലോകകപ്പുകൾ (1958,62,70)സ്വന്തമാക്കിയ ഏക കളിക്കാരനാണ് പെലെ.

1977ൽ യൂണിസെഫ് വിശ്വപൗരൻ പദവി നൽകി ആദരിച്ചു.2000ത്തിൽ ലോറസ് ലൈഫ് ടൈം അച്ചീവ്മെന്റ്.

ലോകകപ്പ് നേടിയ , ലോകകപ്പിൽ ഗോളടിച്ച,ലോകകപ്പ് ഫൈനലിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പെലെ.