thelangana-rain

ഹൈദരാബാദ്: അതിശക്തമായ മഴയെ തുടർന്ന് തെലങ്കാനയിൽ ഒമ്പതിനായിരം കോടിയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ 8633 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. റോഡ് ഒലിച്ചു പോയതിനാൽ 222 കോടിയുടെ നഷ്ടമുണ്ടായി. അതിനിടെ രണ്ടുദിവസമായി മഴ നിന്നതിനാൽ പലയിടത്തും വെള്ളക്കെട്ട് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വെള്ളപ്പൊക്ക ക്കെടുതികളും നാശനഷ്ടങ്ങളും വിലയിരുത്താനായി കേന്ദ്രസംഘം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയിരുന്നു. കേന്ദ്ര ജോയന്റ് സെക്രട്ടറി പ്രവീൺ വസിഷ്ഠ നയിക്കുന്ന അഞ്ചംഗ ഉന്നതതലസംഘം ചീഫ് സെക്രട്ടറി സോമേഷ് കുമാറുമായി സെക്രട്ടേറിയറ്റിൽ ചർച്ചനടത്തിയിരുന്നു. കേന്ദ്രസംഘം സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തും.