
റിയാദ്: പതിനഞ്ച് വർഷമായി കോമയിൽ തുടരുന്ന സൗദി രാജകുമാരൻ ബൽ വലീദ് ബിൻ ഖാലിദ് അൽ സൗദ് വിരലുകൾ ചലിപ്പിച്ചു. കുടുംബാംഗങ്ങളിലൊരാൾ കട്ടിലിന് സമീപമിരുന്നു സംസാരിക്കുന്നതിനിടെ രാജകുമാരൻ തന്റെ കൈവിരലുകൾ ചലിപ്പിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
മിലിട്ടറി കോളേജിൽ പഠിക്കുന്നതിനിടെയുണ്ടായ ഒരു കാറപകടത്തെ തുടർന്ന് കോമയിലായ രാജകുമാരൻ 2005 മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. കിടക്കയ്ക്ക് അരികിൽ ഇരിക്കുന്നയാൾ സംസാരിക്കുമ്പോൾ രാജകുമാരൻ തന്റെ വലതുകൈവിരലുകളും കൈപ്പത്തിയും കിടക്കയിൽ നിന്ന് ഉയർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതു കാണുമ്പോൾ കൈ ഇനിയും ഉയർത്താൻ ഇദ്ദേഹം രാജകുമാരനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. 2015ലും സമാന സംഭവം നടന്നിട്ടുണ്ടെന്ന് ന്യൂ അറബ് വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ധനികനും വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ അൽ സൗദിന്റെ സഹോദരനാണ് ഇദ്ദേഹം.