ice-meat

മോസ്കോ: കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന ഭക്ഷണ പദാർത്ഥമാണ് ഐസ്ക്രീം. വാനില, സ്ട്രോബറി, പിസ്ത അങ്ങനെ പല ഫ്ലവറുകളിലുള്ള ഐസ്ക്രീമുകൾ നാം നുണയാറുണ്ട്. പക്ഷെ, മാംസത്തിന്റെ ഫ്ലേവറുള്ള ഐസ്ക്രീമെന്ന് കേട്ടാൽ ഇറച്ചിക്കൊതിയന്മാർ വരെ നെറ്റി ചുളിച്ചേക്കാം.

റഷ്യയിലെ മിൻസ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മീറ്റ് ആൻഡ് ഡയറിയാണ് ഇറച്ചി ഐസ്ക്രീമിന് പിന്നിൽ. ഇറച്ചിയും ഐസ്ക്രീമും ചേർത്താണ് ഐസ് മീറ്റെന്ന ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്. സെപ്തംബറിൽ നടന്ന ബെലാഗ്രോ-2020 എക്സിബിഷനിലാണ് മിൻസ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഈ പ്രത്യേകതരം ഐസ്ക്രീം ആദ്യമായി അവതരിപ്പിച്ചത്.

എങ്ങനെയാണ്‌ ഐസ് മീറ്റ് തയ്യാറാക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ യുട്യൂബിൽ ലഭ്യമാണ്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പാലുൾപ്പെടെയുള്ള ഡയറി ഉത്പന്നങ്ങളും ഇറച്ചിയും ഐസ്ക്രീം തയ്യാറാക്കുന്ന യന്ത്രത്തിലേക്ക് കയറ്റുന്നതും പിന്നീട് താഴെയുള്ള പൈപ്പിലൂടെ അല്പം കട്ടിയോടെ ഐസ് മീറ്റ് തയ്യാറായി വരുന്നതും കാണാം

ഇറച്ചി ഉൽ‌പന്ന വിഭാഗത്തിലെ മുതിർന്ന ഗവേഷകയായ ഐറിന കൽ‌ടോവിച്ചിന്റെ അഭിപ്രായത്തിൽ ഐസ് മീറ്റ് ഉന്മേഷകരവും ആരോഗ്യകരവുമായ ഉൽ‌പ്പന്നമാണ്. ഒരു ലഘുഭക്ഷണം എന്ന നിലയ്ക്ക് അനുയോജ്യമാണിത്. മാത്രമല്ല ഇതിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പഞ്ചസാര ചേർത്തിട്ടില്ലാത്തതുകൊണ്ട് പ്രമേഹമുള്ളവർക്കും ഉപയോഗിക്കാം.

എന്നാൽ, പലർക്കും ഐസ് മീറ്റിനെ അത്ര ഇഷ്ടപ്പെട്ടിട്ടില്ല. വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് പലരും ഇത്തരത്തിലുള്ള ഒരു ഐസ്ക്രീം ഫ്ലേവർ എന്തിന് തയ്യാറാക്കി എന്ന് ‌അത്ഭുതപ്പെടുമ്പോൾ, ചിലർ സസ്യാഹാരത്തിന്റെ പ്രധാന്യത്തെക്കുറിച്ചാണ് കുറിച്ചിരിക്കുന്നത്.