
പാട്ന: ബീഹാറിലെ പാട്നയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. ആസ്ഥാനത്ത് പാർക്ക് ചെയ്ത ഒരു കാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ കസ്റ്റഡിയിലെടുത്തു.
ആദായ നികുതി വകുപ്പിന് ലഭിച്ച സൂചനകളെ തുടർന്നാണ് കോൺഗ്രസ് ഓഫീസിൽ റെയ്ഡ് നടത്തിയതെന്നാണ് വിവരം.
റെയ്ഡ് നടക്കുന്ന സമയത്ത് ഓഫീസിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനെയും ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാലയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
കോൺഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ശക്തി സിംഗ് ഗോഹിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട ബി.ജെ.പി - ജെ.ഡി.യു സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.
പണം പിടിച്ചെടുത്തയാളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പണവും കാറും ആരുടേതാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.