
കോട്ടയം: ഉത്പാദനമില്ലായ്മയും ശമ്പളക്കുടിശ്ശികയുമായി അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന നാട്ടകം ട്രാവൻകൂർ സിമന്റ്‌സിനു പുതിയ കൈത്താങ്ങുമായി സംസ്ഥാന സർക്കാർ.
കമ്പനി പുനരുദ്ധാരണ-വൈവിദ്ധ്യവൽക്കരണ നടപടികളുടെ ഭാഗമായി ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെയും വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റിന്റെയും ശിലാസ്ഥാപനവും വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യ കുടിശ്ശിക വിതരണവും കഴിഞ്ഞ ദിവസം നടന്നു.
പഴയ കാല പ്രൗഢി കൊതിച്ച് ട്രാവൻകൂർ സിമന്റ്സ്
വെള്ള സിമന്റ് ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും തെക്കേ ഇന്ത്യയിലെ ഏക കമ്പനിയുമായി ട്രാവൻകൂർ സിമന്റ്സ് 1946 ലാണ് നിലവിൽ വന്നത്. അരലക്ഷം ടൺ വാർഷിക സ്ഥാപിത ശേഷിയുള്ള ഗ്രേ സിമന്റ് പ്ലാന്റാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്. 1956 ൽ ഗ്രേ സിമന്റിനൊപ്പം വെള്ള സിമന്റ് കൂടി ഉത്പാദിപ്പിച്ചു തുടങ്ങി . 1974 ൽ ഗ്രേ സിമന്റ് ഉത്പാദനം നിറുത്തലാക്കി. ഇതോടെയാണ് വെള്ള സിമന്റ് ഉത്പാദനം ആരംഭിക്കുന്നത്.
2000 വരെ ലാഭത്തിലായിരുന്ന സ്ഥാപനം ഫർണസ് ഓയിലിന്റെ വില വർദ്ധനവും വൈദ്യുതി നിരക്ക് വർദ്ധിച്ചതും കൂടാതെ വൻകിട കമ്പനികളുടെ വിപണി പ്രവേശനവുമായതോടെ നഷ്ടത്തിലായി. മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് 2014 മുതൽ വേമ്പനാട്ടുകായലിൽ നിന്നുള്ള കക്ക ഖനനം പൂർണമായും നിറുത്തലാക്കിയത് കമ്പനിയെ പ്രവർത്തനത്തെ ബാധിച്ചു. വൈറ്റ് സിമന്റ് ഉത്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായ വെള്ള ക്ലിങ്കർ വിദേശരാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വേമ്പനാട് ബ്രാൻഡ് വാൾപുട്ടിയും വിപണിയിൽ ഇറക്കുന്നുണ്ട്. വിപണിയിൽ നിന്നു ലാഭം കണ്ടെത്താനാവാത്ത പ്രതിസന്ധിയിൽ കമ്പനിയ്ക്കു കൈത്താങ്ങായി നിൽക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മാത്രമാണ്.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം രണ്ടായിരത്തോളം ലക്ഷം രൂപയാണ് പ്രവർത്തന മൂലധന ഇനത്തിൽ കമ്പനിയ്ക്കു നൽകിയത്.
പുതിയ പദ്ധതികൾ
വെള്ള സിമന്റ് ഉത്പാദനത്തിനു പുറമേ ഗ്രേ സിമന്റ് കൂടി ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പ്രതിവർഷം ഒരു ലക്ഷം ഇലക്ട്രിക് പോസ്റ്റുകൾ നിർമ്മിച്ച് കെ.എസ്.ഇ.ബിയ്ക്കു നൽകുന്നതിനുള്ള ഒരു പോൾ കാസ്റ്റിംഗ് യൂണിറ്റ് തുടങ്ങുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ഈ രണ്ടു പദ്ധതികളും പൂർത്തീകരിക്കുന്നതോടെ ട്രാവൻകൂർ സിമന്റ്‌സ് മുൻകാല പ്രൗഢിയിലേയ്ക്കു മടങ്ങി വൻ ലാഭത്തിലേയ്ക്കു കുതിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.