kodiyeri

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിനൊരുങ്ങാൻ ഘടക കക്ഷികൾക്ക് നിർദ്ദേശം നൽകിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണ്. ആർ.എസി.പി ( എൽ ), സി.പി.ഐ.ഐം ( എൽ ), ജെ.എസ്.എസ് എന്നീ കക്ഷികളും ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കും. ഇടതുമുന്നണിയുടെ ബഹുജന അടിത്തറ ശക്തിപ്പെട്ടു. ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലെത്തിയത് യു.ഡി.എഫിനെ ദുർബലപ്പെടുത്തി. തിരിച്ചടി നേരിടാൻ പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമായും സഖ്യമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമം.

ആർ.എസ്.എസുമായി രഹസ്യ ബന്ധമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നിലപാടിനെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ്. ആർ.എസ്.എസിനെ പ്രീതിപ്പെടുത്തുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. യു.ഡി.എഫിന്റെ നേതൃത്വം കോൺഗ്രസ് മുസ്ലീം ലീഗിന് കൈമാറി.

മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലകൂട്ടുകെട്ടുണ്ടാക്കാനാണ് കേരളത്തിൽ കോൺഗ്രസ് മുൻകൈ എടുത്തിരുന്നത്.ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ് കൺവീനർ ജമാഅത്തെ ഇസ്ലാമി നേതാവ് അമീറുമായി ചർച്ച നടത്തിയത്. ജമാഅത്തെ ഇസ്ലാമിയും അവരുടെ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായും മുന്നണിയുണ്ടാക്കാനാണ് കോൺഗ്രസ് തീരുമാനം.

കോൺഗ്രസ് മതനിരപേക്ഷ നിലപാട് ലീഗിന് അടിയറ വച്ചിരിക്കുകയാണ്. ലീഗിന്റെ മതതീവ്രവാദത്തിനെതിരായ നിലപാട് മാറി. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ്. ലീഗിന്റെ കടന്നുകയറ്റ നിലപാടിനെതിരെ കോൺഗ്രസിനകത്ത് തന്നെ എതിർപ്പുകൾ ഉയരുന്നു. ' എം.എം. ഹസൻ, കുഞ്ഞാലിക്കുട്ടി, അമീർ ' കൂട്ടുകെട്ടിന് യു.ഡി.എഫിന്റെ നേതൃത്വം കൈമാറി.

ബാർ കോഴയുമായി ബന്ധപ്പെട്ട എല്ലാ ആരോപണവും അന്വേഷിക്കണം. ബിജു രമേശ് പണം നൽകിയിട്ടുണ്ടെന്ന കാര്യം ചെന്നിത്തല ശരിവച്ചിട്ടുണ്ട്. ജോസ് കെ. മാണി ബിജു രമേശിന് വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. പണം നൽകിയതായി ആരും പറഞ്ഞിട്ടില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.