reservation

മുന്നാക്കക്കാരിലെ പിന്നാക്കകാർക്ക് പത്ത് ശതമാനം ഹയർസെക്കൻഡറി, വൊക്കഷേണൽ ഹയർസെക്കൻഡറി പ്രൊഫഷണൽ കോളേജുകൾ ദേവസ്വം ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങളിൽ നടപ്പാക്കിയപ്പോൾ പിന്നാക്ക സംവരണ ശതമാനത്തിൽ കുറവു വന്നതായാണ് മനസിലാക്കുന്നത്. ആകെ സീറ്റുകളുടെ പത്തുശതമാനമാണ് മുന്നാക്കകാരിലെ പിന്നാക്കാർക്കായി മാറ്റിയത്. അതായത് 100 ശതമാനത്തിൽ നിന്ന് 10 ശതമാനം കണക്കാക്കി. തുടർന്ന് 90 ശതമാനത്തിന്റെ 50 ശതമാനം സംവരണ മാനദണ്ഡത്തിലേക്ക് മാറ്റി. ആകെ സീറ്റുകളുടെ പത്തു ശതമാനമാണ് മാനദണ്ഡമാക്കിയത്. ഈ കണക്കനുസരിച്ച് സർക്കാർ ഉദ്യോഗത്തിലും സംവരണം കണക്കാക്കിയാൽ സംവരണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകും. ഓപ്പൺ ക്വാട്ടയിൽ നിന്നും 10 ശതമാനമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നടപ്പാക്കിയപ്പോൾ ആകെ സീറ്റുകളുടെ എണ്ണത്തിൽ 10 ശതമാനം കണക്കാക്കിയിരുന്നു.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനമെന്ന മന്ത്രിസഭാതീരുമാനം നിലവിലെ സംവരണതത്വത്തെ അട്ടിമറിക്കുകയാണ് . ഭരണഘടനാവിരുദ്ധമാണ് സാമ്പത്തിക സംവരണം. പദവികളിലും അവസരങ്ങളിലും അന്തരം ഇല്ലാതാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. എന്നാൽ സാമ്പത്തിക സംവരണം അന്തരം വർദ്ധിപ്പിക്കുന്നു. മുന്നാക്ക സംവരണത്തിലൂടെ പിന്നാക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തുന്നു. സാമൂഹ്യമായി മുന്നാക്കം നിൽക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കമായവരെ സാമ്പത്തികമായി ഉയർത്താനുള്ള പദ്ധതികളും പാക്കേജുകളുമാണ് നടപ്പിലാക്കേണ്ടിയിരുന്നത്. അതുചെയ്യാതെ നൂറ്റാണ്ടുകളായി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരെ സാമൂഹികമായി മുഖ്യധാരയിലെത്തിക്കാനുള്ള സംവരണ മാനദണ്ഡത്തെയാണ് തുരങ്കം വച്ചിരിക്കുന്നത്.


എം. ജോൺസൺ റോച്ച്
അമ്പലത്തുമൂല ചൊവ്വര പി.ഒ

ഇനിയെങ്കിലും പാഠം പഠിക്കണം

സമസൃഷ്ടിയായ മനുഷ്യനെ പോലും നശിപ്പിക്കുന്ന, ദ്രോഹിക്കുന്ന നടപടികളാണ് അവിവേകിയായ, മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. സ്രഷ്ടാവിന്റെ നിർദ്ദേശങ്ങളും നിബന് ധനകളുമൊക്കെ അവഗണിച്ച് തന്നിഷ്ടം പോലെ, ലോകം മുഴുവൻ തന്റെ കാൽച്ചുവട്ടിലാണെന്ന ഹുങ്കോടെ എല്ലാം വെട്ടിപ്പിടിക്കാൻ ഓടിനടക്കുന്നു.

എല്ലാ വിപത്തിനും കാരണം ഇതാണ്. അതിനുള്ള ശിക്ഷയായി കൊവിഡിനെ വ്യാഖ്യാനിക്കാം. കൊവിഡ് 19 പഠിപ്പിച്ച ലോകോത്തര സന്മാർഗ പാഠമാകട്ടെ നന്മയുടെ വഴിയിലേക്കുള്ള മാർഗദീപം.

വൈക്കം ഉദയരാജൻ

കരകുളം

തിരുവനന്തപുരം

തൊഴിൽ മന്ത്രി മുമ്പാകെ

തൊഴിലാളി ക്ഷേമനിധിയിലെ അപാകതകൾ സംബന്ധിച്ചാണ് ഈ കുറിപ്പ്. പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഈ വിഷയത്തിൽ എനിക്ക് ഈ കോവിഡ് കാലത്ത് നിരാശ്രയരായ സ്‌ത്രീകളുടെ ധാരാളം യാതനകളും വിഷമതകളും കേൾക്കേണ്ടി വരുന്നുണ്ട്.

ഒരാൾ തൊഴിലാളി ക്ഷേമനിധിയിലെ അംഗമാകാൻ രജിസ്‌ട്രേഷൻ ഫീസ് 25 രൂപയാണ്. തുടർന്ന് മാസം തോറും 100 രൂപ വീതം അറുപത് വയസ് വരെ അടയ്‌ക്കാം. പെൺമക്കളുള്ളവർക്ക് അവരുടെ കല്യാണത്തിന് പതിനായിരം രൂപയും പ്രസവത്തിന് പതിനയ്യായിരം രൂപയും കൊടുക്കുന്നുണ്ട്. കുട്ടികളുടെ
വിദ്യാഭ്യാസത്തിനും ഒരു ചെറിയ തുക, പത്താംക്ലാസ് കഴിഞ്ഞാൽ ലഭിക്കുന്നുണ്ട്. എന്നാൽ ഈ ആനുകൂല്യത്തിലൊന്നും പെടാത്ത 50വയസ് കഴിഞ്ഞ ഒരു ഗാർഹിക തൊഴിലാളി ഇതിൽ ചേരുന്നു എന്നിരിക്കട്ടെ (അതായത് പത്ത് വർഷം). മാസം 100 രൂപ വെച്ച് 12,000 രൂപ അടച്ചു കഴിയുമ്പോൾ അവർ അടച്ചതുകയുടെ പകുതിയേ കിട്ടുന്നുള്ളൂ. നിർധനരായ ഈ സ്‌ത്രീകൾക്ക് ഇത് വളരെ വലിയ നഷ്ടമാണ്.
ഇവർക്ക് അടച്ച തുക മുഴുവനും തിരിച്ച് കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം. പലരും ക്ഷേമനിധി ഓഫീസിന്റെ മുന്നിൽ നിന്നും അടച്ചതുകയുടെ പകുതിയേ ലഭിക്കുകയുള്ളൂ എന്നറിഞ്ഞ് കരയുന്നത് കണ്ടതുകൊണ്ടാണ് അവർക്കു വേണ്ടി ഈ സങ്കടം ബോധിപ്പിക്കുന്നത്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് തൊഴിലാളി ക്ഷേമനിധിയിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണം.

കുസുമം. ആർ. പുന്നപ്ര

സാമൂഹിക പ്രവർത്തക