accident

ചെന്നൈ: മധുരയ്ക്ക് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സ്ത്രീ തൊഴിലാളികൾ ദാരുണമായി മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്നു ഷെഡുകൾ പൂർണമായും തകർന്നു. മുപ്പത്തഞ്ചോളം സ്ത്രീകൾ പടക്കനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കേയാണ് സ്ഫോടനമുണ്ടായത്. മിക്കതൊഴിലാളികളും തുറസായ സ്ഥലത്ത് മരത്തണലുകളിലിരുന്ന് ജോലിചെയ്തതാണ് അവർക്ക് രക്ഷയായത്.

ചക്രം, കമ്പത്തിരി, പൂത്തിരി തുടങ്ങിയ വർണപ്പടക്കങ്ങൾ മാത്രം നിർമ്മിക്കാൻ ലൈസൻസ് ഉണ്ടായിരുന്ന സ്ഥാപനത്തിൽ ശേഷിയേറിയ പടക്കങ്ങൾ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ നിർമ്മിച്ചുവരികയായിരുന്നു. ഇവയുടെ ചേരുവകളായ രാസവസ്തുക്കൾ തമ്മിലുരഞ്ഞ് തീപ്പൊരി ചിതറിയാണ് സ്ഫോടനം സംഭവിച്ചത്.

പേരായൂർ സ്വദേശിനി വേലുതായി (45), സിലർപാട്ടൈ ലക്ഷ്മി (40), കടനേരി അയ്യമ്മാൾ (65), ഗോവിന്ദനെല്ലൂർ സുരുളിയാമ്മാൾ (50) എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിയാനായിട്ടില്ല.

പരിക്കേറ്റവരെ മധുര രാജാജിനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഗ്നിശമനസേന പാഞ്ഞെത്തി ഒരു മണിക്കൂർ പ്രയത്നിച്ച് തീകെടുത്തി. ഷൺമുഖരാജ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അളഗാർസാമിയെന്ന വ്യക്തി പാട്ടത്തിനെടുത്ത് നടത്തിവരുകയായിരുന്നു.