ak-balan

തിരുവനന്തപുരം: കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയ നടപടി മാദ്ധ്യമങ്ങൾക്ക് എതിരല്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ പറഞ്ഞു. പൗരൻമാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ് 2011 ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്തതെന്ന് ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മറുപടിയായി മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങൾ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമാണെന്ന ധാരണ തെറ്റാണ്. സർക്കാരിനെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവർത്തകരെ മുഴുവൻ ജയിലിലടയ്ക്കുമെന്നത് പ്രതിപക്ഷനേതാവിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2000ലെ ഐ ടി ആക്ടിലെ 66എ വകുപ്പിൽ ,കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ വ്യക്തിയെ ആക്ഷേപിക്കുന്ന സംഭവങ്ങളിൽ മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. 2015ൽ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് എതിരാണെന്ന കണ്ടെത്തലിലാണിത്. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ ആർക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയായി.. അശ്ലീലഭാഷ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ സർവസാധാരണമായി. ഇതിനു പരിഹാരം കാണാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമോ, അപകീർത്തികരമോ ആയ കാര്യം നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവോ 10000 രൂപ വരെ പിഴയോ ,രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയാണ് ഭേദഗതി. ഇത് മാധ്യമങ്ങൾക്കെതിരായ ആക്രമണമാകുന്നതെങ്ങനെയെന്ന് മന്ത്രി ചോദിച്ചു.