
കോഴിക്കോട്: അണ്ടർ-17 വേൾഡ് കപ്പ് ക്യാമ്പിൽ ഉണ്ടായിരുന്ന വയനാട്ടുകാരൻ അജിൻ ടോം ഗോകുലം കേരള എഫ്.സിയിൽ ചേർന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഡെവെലപ്‌മെന്റൽ ടീമായ ഇന്ത്യൻ ആരോസിന്റെ ഐ ലീഗ് താരമാണ് 20 വയസുള്ള അജിൻ ടോം . വയനാട് നടവയൽ സ്വദേശിയാണ് .
കഴിഞ്ഞ സീസണിൽ 11 കളികളിൽ ഇന്ത്യൻ ആരോസിനു വേണ്ടി അജിൻ കളിച്ചിരുന്നു. 2018-19 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ചെന്നൈയിൻ എഫ് സിയുടെ റിസർവ് ടീമിലുണ്ടായിരുന്നു. അവർക്കു വേണ്ടി അജിൻ 13 മത്സരങ്ങൾ ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിച്ചു.
കേരളത്തിന്റെ അണ്ടർ-14 ടീമിലെ ഭാഗമായ അജിൻ, കല്യാണിയിൽ നടന്ന നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിലൂടെയാണ് എ ഐ എഫ് എഫ് എലൈറ്റ് അക്കാഡമിയിലേക്കു തിരഞ്ഞെടുക്കപെടുന്നത്.
അജിൻ പിന്നീട് ഇന്ത്യയുടെ അണ്ടർ-16 ടീമിന്റെ ഭാഗമായി ബംഗ്ലാദേശിൽ നടന്ന അണ്ടർ-16 സാഫ് കപ്പ്, ബ്രസീലിൽ നടന്ന ബ്രിക്സ് കപ്പ്, മെക്സിക്കോയിൽ നടന്ന ഫോർ നേഷൻസ് കപ്പ് എന്നിവയിൽ പങ്കെടുത്തു.