kummanam

പത്തനംതിട്ട: പാലക്കാട് ബയോപൊളിമർ കമ്പനി തുടങ്ങുന്നത് സംബന്ധിച്ച പണമിടപാട് കേസിൽ തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും.

പാലക്കാട് ഭാരത് ബയോ പൊളിമർ കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറൻമുള സ്വദേശിയും കുമ്മനത്തിന്റെ മുൻ പി.എയുമായ പ്രവീൺ കുമാർ 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ആറൻമുള പുത്തേഴത്ത് ഇല്ലം സി.ആർ.ഹരികൃഷ്ണനാണ് പരാതി നൽകിയത്.

മൊഴിയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരിടത്തും തന്റെ പേര് പരാമർശിക്കുന്നില്ലെന്ന് കുമ്മനം പറഞ്ഞു. ഇന്നലെ കൊച്ചിയിലെത്തിയ കുമ്മനം ആർ.എസ്. എസ് നേതാക്കളുമായി ചർച്ച നടത്തി.

. 2018 ഒക്ടോബർ മുതൽ 2020 ജനവരി 14 വരെയുള്ള കാലയളവിൽ പലപ്പോഴായി 30.75 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പ്രവീൺ ബി.പിള്ളയാണ് കേസിൽ ഒന്നാം പ്രതി. കുമ്മനം നാലാം പ്രതിയാണ്. സ്ഥാപന ഉടമ കൊല്ലങ്കോട് സ്വദേശി വിജയൻ രണ്ടാം പ്രതിയും മാനേജർ സേവ്യർ മൂന്നാം പ്രതിയുമാണ്. കേസിൽ 9 പ്രതികളാണുള്ളത്. ഹരികൃഷ്ണന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

 കുമ്മനത്തിന് പങ്കില്ലെന്ന് പരാതിക്കാരന്റെ ശബ്ദരേഖ

സാമ്പത്തിക ഇടപാടിൽ കുമ്മനത്തിന് പങ്കില്ലെന്ന പരാതിക്കാരനായ ഹരികൃഷ്ണൻ നമ്പൂതിരിയുടെ ശബ്ദരേഖ ഒരു ചാനൽ പുറത്തുവിട്ടു. താൻ ആറൻമുള പൊലീസിന് നൽകിയ പരാതിയിൽ പണം തട്ടിപ്പിൽ കുമ്മനത്തിന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. പദ്ധതിയെപ്പറ്റി സംസാരിച്ചപ്പോൾ നല്ല ആശയമാണെന്ന് കുമ്മനം പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് പണം നൽകിയത്. പണം സ്വീകരിച്ച പ്രവീൺ വി. പിള്ളയുമായി , കമ്പനി തുടങ്ങാതായപ്പോൾ കുമ്മനത്തിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നു. മുഴുവൻ തുകയും തിരിച്ചു കിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും ശബ്ദരേഖയിൽ പറയുന്നു.