
ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
കട്ടപ്പന: രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥശിശുവും മരിച്ചു. കട്ടപ്പന സുവർണഗിരി കരോടൻ ജോജിന്റെ ഭാര്യയും കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് സ്‌കൂൾ അദ്ധ്യാപികയുമായ ജിജിയാണ് (30) മരിച്ചത്. ചികിത്സാപ്പിഴവാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും സംഘടിച്ചതോടെ പുറ്റടിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നേരിയ സംഘർഷമുണ്ടായി. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ പൊലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. ബന്ധുക്കളുടെ മൊഴിയിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു.
നാലുമാസം ഗർഭിണിയായിരുന്ന ജിജിക്ക് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഇന്നലെ പുലർച്ചെ 4.30ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ എത്തി പരിശോധിച്ചു. സ്‌കാനിംഗിൽ ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ആദ്യപ്രസവം സാധാരണനിലയിലായിരുന്നതിനാൽ മരുന്ന് നൽകി കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഡോക്ടർ അറിയിച്ചു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു രക്തവും എത്തിച്ചുനൽകി. അനസ്‌തേഷ്യ നൽകാൻ ഡോക്ടറെയും വിളിച്ചുവരുത്തി. ആദ്യത്തെ കുപ്പി രക്തം നൽകിയപ്പോഴേയ്ക്കും ജിജി മരിച്ചിരുന്നതായാണ് ആശുപത്രി അധികൃതരുടെ വാദം. ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ് രക്തം എത്തിച്ചുനൽകിയതെന്നും എന്നാൽ അനുകൂല പ്രതികരണം ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു. പിന്നീട് ശസ്ത്രക്രിയ നടത്താമെന്നു പറഞ്ഞ് ഒപ്പിട്ടുവാങ്ങി. എന്നാൽ തയാറെടുപ്പുകൾ നടത്തുകയോ ബന്ധുക്കളെ കാണാൻ അനുവദിക്കുകയോ ചെയ്തില്ല. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വണ്ടൻമേട്, കട്ടപ്പന സ്റ്റേഷനുകളിൽ നിന്നു പൊലീസ് എത്തിയ ശേഷമാണ് ജിജി മരിച്ച വിവരം പുറത്തറിയുന്നത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും. നാലുവയസുകാരി മരിയ റോസ് മകളാണ്.