
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക് മേഖലയിൽ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് വന്ന ചെെനീസ് സെെനികന്റെ കെെവശം സ്ലീപ്പിംഗ് ബാഗും സംഭരണ ഉപകരണവും ഒരു ചാർജറും മൊബൈൽ ഫോണും ഉണ്ടായിരുന്നതായി സെെനിക വൃത്തങ്ങൾ അറിയിച്ചു. നടപടി ക്രമങ്ങൾ പാലിച്ച് ചൊവ്വാഴ്ച രാത്രിയോടെ സൈനികനെ ചെെനയ്ക്ക് കെെമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചെെനീസ് സെെനികനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സേന പുറത്തുവിടുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നിയന്ത്രണ രേഖ കടന്നെത്തിയ ചെെനീസ് സെെന്യത്തിലെ കോർപറൽ ആയ വാങ് യാ ലോങിനെ ഇന്ത്യൻ സൈനികർ പിടികൂടിയത്. എൽ.എ.സിയിൽ വച്ച് വഴി തെറ്റിയ സെെനികൻ ഇന്ത്യയുടെ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാജ്യാന്തര നിയമങ്ങൾ പാലിച്ചാണ് ഇന്ത്യ ചെെനീസ് സൈനികനെ മോചിപ്പിച്ചതെന്നും സെെനിക വൃത്തങ്ങൾ പറഞ്ഞു.
അതിർത്തിയിൽ ഇന്ത്യ -ചെെന സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇരു സേനകളും 50,000 സൈനികരെ വീതം നിയന്ത്രണരേഖയ്ക്ക് സമീപമായി വിന്യസിച്ചിട്ടുണ്ട്. തർക്കങ്ങൾ പരിഹരിക്കുന്നതിനും അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മിൽ സെെനിക കമാൻഡർതല ചർച്ചകൾ നടന്നുവരികയാണ്. ഇതിനിടെയാണ് ചെെനീസ് സെെനികൻ ഇന്ത്യൻ സേനയുടെ പിടിയിലാകുന്നത്. അതേസമയം കോർപറൽ വാങ്ങിനെ പിടികൂടിയ ദിവസം അദ്ദേഹത്തിന് ഭക്ഷണം വസ്ത്രം വെെദ്യസഹായം എന്നിവ ഉറപ്പുവരുത്തിയതായി ഇന്ത്യൻ സേന പ്രസ്താവനയിൽ പറഞ്ഞിരുന്നു.