nasa-

ലോസ്ആഞ്ചലസ് : ശാസ്ത്രലോകത്തെ നിഗൂഢ വാർത്തകൾ ഇഷ്ടപ്പെടുന്നവാരാണോ നിങ്ങൾ ? എങ്കിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ നമ്മുടെ ചന്ദ്രനെക്കുറിച്ച് അതിശയകരമായ ഒരു പുതിയ കാര്യം അറിയാം. ചന്ദ്രനെ പറ്റിയുള്ള തങ്ങളുടെ പുതിയ കണ്ടുപിടുത്തം ഒക്ടോബർ 26 തിങ്കളാഴ്ച പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് നാസ. സോഫിയ അഥവാ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് ആസ്ട്രോണമി ( SOFIA ) ആണ് ഈ പുത്തൻ കണ്ടെത്തലിന് പിന്നിൽ.

ലോകത്തെ ഏറ്റവും വലിയ എയർബോൺ ഒബ്സർവേറ്ററിയായ സോഫിയ പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിക്കുക എന്ന ദൗത്യത്തോടെ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ( Upper atmosphere ) ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. ശരിക്കും ഒരു ബോയിംഗ് 747 SP ജെറ്റാണ് സോഫിയ. എന്നാൽ 106 ഇഞ്ച് വ്യാസത്തിലുള്ള ടെലിസ്കോപ്പ് ഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് സോഫിയയ്ക്ക്. നാസയുടെയും ജർമൻ എയറോസ്പേസ് സെന്ററിന്റെയും സംയുക്ത പദ്ധതിയാണ് സോഫിയ. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് മീഡിയ ടെലികോൺഫറൻസിലൂടെയാണ് പ്രഖ്യാപനം. ടെലികോൺഫെറൻസിന്റെ ഓഡിയോ നാസ തങ്ങളുടെ വെബ്സൈറ്റിലൂടെ ലൈവ് സ്ട്രീമിംഗും നടത്തും.

2024 ഓടെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്ന ഒരു മിഷന്റെ പ്രവർത്തനങ്ങൾ നിലവിൽ നാസയിൽ നടന്നുവരുന്നുണ്ട്. പുതിയ കണ്ടെത്തൽ ഭാവിയിലെ ചാന്ദ്രപര്യവേഷണങ്ങൾക്ക് ഏറെ നിർണായകമാണെന്നാണ് വിലയിരുത്തൽ. ആർട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ ഇറക്കാനാണ് നാസയുടെ ലക്ഷ്യം. ഒപ്പം ചന്ദ്രനിൽ കാലുകുത്തുന്ന അടുത്ത പുരുഷനുമുണ്ടാകും. 2030കളിൽ മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കുന്നതിനുള്ള ചവിട്ടുപടി ആയിട്ടാണ് നാസ ആർട്ടെമിസ് മിഷനെ കാണുന്നത്.