imran

വാഷിംഗ്ടൺ: ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്ന പാകിസ്ഥാനെ തങ്ങളുടെ 'ഗ്രേ' പട്ടികയിൽ തന്നെ നിലനിർത്താനുള്ള തീരുമാനമെടുത്തത് അന്താരാഷ്ട്ര കള്ളപ്പണ/ഭീകരവിരുദ്ധ നിരീക്ഷണ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ്(എഫ്.എ.ടി.എഫ്). തങ്ങൾ നൽകിയിരുന്ന 27 ഇന കർമ്മ പദ്ധതി പാകിസ്ഥാൻ പൂർണമായും നടപ്പിൽ വരുത്താത്തതിനാലാണ് സംഘടന ഇപ്പോൾ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഗ്രേ ലിസ്റ്റിൽനിന്നും ഒഴിവാകാനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ ശ്രമങ്ങൾ ഇതോടെ പരാജയപ്പെട്ടിരിക്കുകയാണ്. കർമ്മ പദ്ധതിയിലെ ആറ് നിർദേശങ്ങളാണ് പാകിസ്ഥാൻ നടപ്പാക്കാതെയിരുന്നതെന്നാണ് എഫ്.എ.ടി.എഫ് പറഞ്ഞിരിക്കുന്നത്. ഭീകരവാദത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾക്ക് നിയന്ത്രിക്കാനോ തടയാനോ അപര്യാപ്തമായി ഇടപെടലുകൾ നടത്തുന്ന രാജ്യങ്ങളെയാണ് എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ പെടുത്തുക.

എന്നാൽ 27ൽ 21 നിർദേശങ്ങൾ പാകിസ്ഥാൻ നടപ്പിലാക്കിയതിനെ സംഘടന അംഗീകരിച്ചിട്ടുണ്ട്. എന്നാൽ നൽകിയിരുന്ന സമയപരിധികളെല്ലാം തന്നെ അവസാനിച്ചിരിക്കുകയാണെന്നും 2021 ഫെബ്രുവരിയിലെങ്കിലും നിർദേശങ്ങൾ പൂർണമായും പാകിസ്ഥാൻ നടപ്പിൽവരുത്തേണ്ടതാണെന്നും എഫ്.എ.ടി.എഫ് പറയുന്നുണ്ട്. ഇതിനും സാധിക്കാതെ വന്നാൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന സൂചനയാണ് സംഘടന നൽകുന്നത്. നിലവിൽ കരിമ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്.