
കൊച്ചി: പരിചരണത്തിലുണ്ടായ വീഴ്ചയെ തുടർന്നാണ് എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് രോഗി മരണപ്പെട്ടതെന്ന ആരോപണത്തിന് പിന്നാലെ മെഡിക്കൽ കോളേജ് ജൂനിയർ റസിഡന്റ് ഡോക്ടർ നജ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് നാല് മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് നാല് മണിക്കൂറുകൾക്ക് ശേഷമാണ് അവസാനിച്ചത്.
താൻ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ല. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ഇത് സംബന്ധിച്ച് വിശദമായ മൊഴി പൊലീസിന് നൽകിയിട്ടുണ്ടെന്നും നജ്മ പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിമരിച്ചതിന് പിന്നാലെ ചില ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഡോ.നജ്മ വെളിപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്.
ജീവനക്കാരുടെ അനാസ്ഥ വെളിപ്പെടുത്തിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ താൻ നിരന്തരം ആക്ഷേപത്തിന് ഇരയാവുകയാണ്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും കോടതിയേയും സമീപിക്കും..നീതി കിട്ടും വരെ പോരാടുമെന്നും ഡോ.നജ്മ പറഞ്ഞു.