csk-ipl

ഷാർജ : തോറ്റു തോറ്റ് തളർന്ന ചെന്നൈ സൂപ്പർകിംഗ്സിന്റെ ഈ സീസണിലെ എട്ടാം തോൽവിയോടെ പ്ളേ ഒാഫിന് പുറത്തായി. ഇന്നലെ മുംബയ് ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ പത്തുവിക്കറ്റിനാണ് മുൻ ചാമ്പ്യന്മാർ കൊമ്പുകുത്തിയത്. വമ്പൻ സ്കോറുകൾക്ക് പേരുകേട്ട ഷാർജ സ്റ്റേഡിയത്തിൽ നേരിട്ട നാണംകെട്ട ബാറ്റിംഗ് തകർച്ചയാണ് ധോണിപ്പടയെ കൂറ്റൻ തോൽവിയിലേക്ക് നയിച്ചത്.

ഈ വിജയത്തോടെ 10 കളികളിൽ നിന്ന് 14 പോയിന്റായ മുംബയ് ഇന്ത്യൻസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 11 കളികളിൽ ആറുപോയിന്റ് മാത്രം നേടിയ ചെന്നൈ അവസാനസ്ഥാനത്തും.

ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 114/9 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. മറുപടിക്കിറങ്ങിയ മുംബയ് വെറും 12.2 ഓവറിൽ ഒറ്റവിക്കറ്റുപോലും നഷ്ടമാകാതെ ലക്ഷ്യത്തിലെത്തി. നാലുവിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗൾട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും രാഹുൽ ചഹറും ഒരുവിക്കറ്റ് വീഴ്ത്തിയ കൂട്ടർനെയ്ലും ചേർന്നാണ് ചെന്നൈയെ ചതച്ചരച്ചു കളഞ്ഞത്. 37 പന്തുകൾ വീതം നേരിട്ട് പുറത്താകാതെ 68 റൺസടിച്ച ഇശാൻ കിഷനും 46 റൺസെടുത്ത ഡി കോക്കുമാണ് 46 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തിച്ചത്.

ആദ്യ മൂന്നോവറിൽ വെറും മൂന്ന് റൺസെടുക്കുന്നതിനിടെയാണ് ആദ്യ നാലുവിക്കറ്റുകളും ചെന്നൈയ്ക്ക് നഷ്ടമായത്. ഏഴാമനായി ക്രീസിലെത്തി അവസാനം വരെ പിടിച്ചുനിന്ന് അർദ്ധസെഞ്ച്വറി നേടിയ ആൾറൗണ്ടർ സാം കറാനാണ് ചെന്നൈയെ നൂറുകടത്തി വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.47 പന്തുനേരിട്ട കറാൻ നാലുഫോറും രണ്ട് സി​ക്സുമടക്കമാണ് 52 റൺസടിച്ചത്. ധോണി (16),ശാർദ്ദൂൽ താക്കൂർ(11), ഇമ്രാൻ താഹിർ (12*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാന്മാർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈയെ ട്രെന്റ് ബൗൾട്ടും ജസ്പ്രീത് ബുംറയും ചേർന്നാണ് പിച്ചിച്ചീന്തിയത്. ആദ്യ ഓവറിൽത്തന്നെ ബോൾട്ട് റിതുരാജ് ഗെയ്ക്ക് വാദിനെ(0) എൽ.ബിയിൽ കുരുക്കി. രണ്ടാം ഓവറിൽ ബുംറ അടുത്തടുത്ത പന്തുകളിൽ അമ്പാട്ടി റായ്ഡുവിനെയും (2),എൻ.ജഗദീശനെയും (0) പുറത്താക്കി. മൂന്നാം ഓവറിൽ ഡുപ്ളെസിയും (1) ബൗൾട്ടിന് ഇരയായതോടെയാണ് ചെന്നൈ 3 റൺസിന് 4 വിക്കറ്റുകൾ എന്ന അതിദാരുണമായ അവസ്ഥയിലെത്തിയത്.

തുടർന്ന് ധോണിയും (16),ജഡേജയും(7) ചേർന്ന് തട്ടിമുട്ടി നിൽക്കാൻ തുടങ്ങിയെങ്കിലും ആറാം ഓവറിൽ ബൗൾട്ട് ജഡേജയുടെ കഥ കഴിച്ചു.അടുത്ത ഓവറിൽ ധോണി രാഹുൽ ചഹറിന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകിയതോടെ ചെന്നൈ 30/6 എന്ന സ്ഥിതിയിലായി. തുടർന്ന് സാം കറാൻ ഒരറ്റത്ത് പൊരുതി നിന്നില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത ബാംഗ്ളൂരിനെതിരെ കുറിച്ച 84/8 എന്ന സ്കോറിൽ കുറഞ്ഞ് ചെന്നൈ വീണുപോയേനെ.ടീമിനെ രക്ഷപെടുത്താനുള്ള കറാന്റെ കസറത്തിനിടെ ദീപക് ചഹറും (0), ശാർദൂൽ താക്കൂറും(11) പുറത്തായി. ഇന്നിംഗ്സിലെ അവസാന പന്തിലാണ് കറാനെ ബൗൾട്ട് ബൗൾഡാക്കിയത്.

ചെന്നൈ വിക്കറ്റ് മഴ

1 -0 (റിതുരുജ് -0)

2-3 (അമ്പാട്ടി -2)

3-3( ജഗദീശൻ-0)

4-4(ഡുപ്ളെസി -1)

5-21 (ജഡേജ-7)

6-30(ധോണി -16)

7-43(ദീപക് -0)

8-71(താക്കൂർ - 11)

9-114 (സാം കറാൻ-52)