sankaranarayanan

ന്യൂഡൽഹി: ഇന്നലെ അന്തരിച്ച മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ എ.ആർ.ശങ്കരനാരായണൻ കേന്ദ്രസർക്കാരിലും വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തും തിളങ്ങിയ മലയാളി വ്യക്തിത്വമായിരുന്നു.

സ്​റ്റീൽ അതോറി​റ്റി ഓഫ് ഇന്ത്യയുടെ(സെയിൽ) മാനേജിങ് ഡയറക്ടറായിരുന്ന ശങ്കരനാരായണൻ സെയിൽ ഇന്റർനാഷണലിന്റെ ആദ്യ എം.ഡിയുമായി. ഡൽഹി കേരളാ ഹൗസ് പ്രതിനിധി(കമ്മിഷണർ)ആയിരുന്നു. കേരളത്തിൽ കേരളാ സ്​റ്റേ​റ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ,സ്​റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമി​റ്റഡ്,കേരളാ സ്​റ്റേ​റ്റ് ടെക്സ്​റ്റയിൽസ് കോർപ്പറേഷൻ,സ്​റ്റീൽ കോംപ്ലക്‌സ് ലിമി​റ്റഡ് എന്നീ സ്ഥാപനങ്ങൾക്കും നേതൃത്വം നൽകി.

ബാങ്കിങ് സർവീസ് റിക്രൂട്ട്‌മെന്റ് ബോർഡ് അദ്ധ്യക്ഷൻ, പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി, ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഡയറക്‌ടർ എന്നീ പദവികളുംവഹിച്ചു. ഓട്ടോകാസ്റ്റ്, സീതാറാം ടെക്‌സ്‌റ്റൈൽസ്, ട്രിവാൻഡ്രം സ്‌പിന്നിംഗ് മിൽസ് തുടങ്ങി പത്തോളം സ്ഥാപനങ്ങളുടെ ചെയർമാനും ഫെഡറൽ ബാങ്ക്, കേരളാസോപ്സ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, പ്രീമിയർ ടയേഴ്സ്, ഭിലായ് സ്റ്റീൽ, സേലം സ്റ്റീൽ തുടങ്ങിനിരവധി കമ്പനികളുടെ ഡയറക്ടറുമായിരുന്നു. നിലവിൽ കോട്ടയ്‌ക്കൽ ആയുർവേദ കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം, മണപ്പുറം ഫിനാൻസ് ഡയറക്‌ടർ, വിദ്യാ ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹോണ. അഡ്വൈസർ തുടങ്ങിയ പദവികൾ വഹിച്ചുവരികയായിരുന്നു.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ജനറൽ മാനേജരായി പത്തുവർഷവും പിന്നീട് ഉപദേശകനായും സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.