
പാറശാല: വൻകവർച്ചാ സംഘത്തിപ്പെട്ട രണ്ട് പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല മുര്യങ്കര പാലക്കുഴി പുത്തൻവീട്ടിൽ ബിബിൻ (23), അതേ വീട്ടിൽ താമസിക്കുന്ന സൈമൺ ശാലു എന്ന് വിളിക്കുന്ന അബിൻ (18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 22ന് വെളുപ്പിന് 2 മണിക്ക് മുര്യങ്കര ചിറക്കുളത്തിന് സമീപം താമസിക്കുന്ന മിഥുനിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അടിച്ച് തകർക്കുകയും വീടിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ച് അകത്ത് കടന്ന് ഗൃഹോപകരണങ്ങൽ അടിച്ച് തകർത്ത ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ കവർച്ച ചെയ്ത ഒൻപതംഗ സംഘത്തിലെ രണ്ട് പ്രതികളാണ് പിടിയിലായത്. ചിറക്കുളം, മുര്യങ്കര ഭാഗങ്ങളിൽ കഞ്ചാവ്, ലഹരി മരുന്നുകൾ ഉപയോഗിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മോഷണം നടത്തിവരുന്ന സംഘത്തിലെയും പ്രതികളാണ് ഇവർ. സംഘത്തിനെതിരെ പരാതിപ്പെട്ടാൽ വീട്ടിൽ കയറി ആക്രമണം നടത്തുമെന്നുള്ളതിനാൽ ആരും പരാതിപ്പെടാറില്ലായിരുന്നു. കഴിഞ്ഞ 21ന് രാത്രി സംഘത്തിൽപ്പെട്ട രണ്ട് പേർ എക്സൈസ് സംഘത്തിന്റെ പിടിയിലായത് മിഥുൻ പരാതിപ്പെട്ടതിനെ തുടർന്നാണെന്ന തെറ്റിധാരണയാണ് രാത്രിയിൽ വീട് കയറി ആക്രമിച്ചത്. പാറശാല പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എസ്.ഐ സലിംകുമാർ, എസ്.സി.പി.ഒ അനികുമാർ, സി.പി.ഒ മാരായ വിജയവിനോദ്, രെജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.