
നെയ്യാറ്റിൻകര: മണക്കാട് കമലേശ്വരത്ത് ബിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഇന്നലെ നെയ്യാറ്റിൻകര രാമപുരത്തെത്തി മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. തൊടുപുഴ കരിമണ്ണൂർ ഇലിക്കുഴി കല്ലൂർ വീട്ടിലായിരുന്നു ബിജുവും ഭാര്യ അഞ്ജനയും താമസിച്ചിരുന്നത്. 2018 മേയ് 23നാണ് ദുരൂഹ സാഹചര്യത്തിൽ ബിജു മരിച്ചത്. ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് തൊടുപുഴ, കരിമണ്ണൂർ പൊലീസ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ഇളയകുട്ടിയുടെ വാക്കുകളിൽ നിന്നാണ് ബിജുവിന്റെ മരണം കൊലപാതകമാണെന്ന സൂചന ലഭിക്കുന്നത്. ബിജു മരിക്കുന്ന ദിവസം ഭാര്യ അഞ്ജന കുടിക്കാൻ പാൽ കൊടുത്തതായും തുടർന്ന് അവശനിലയിലായ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകുംവഴി മരിച്ചെന്നുമാണ് ബിജുവിന്റെ അച്ഛൻ ബാബു പറയുവന്നു. ബാബു കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ബിജുവിന്റെ മരണശേഷം അഞ്ചനാദിനേശ് കാമുകൻ അരുൺ ആനന്ദിനൊപ്പം ഒളിച്ചോടുകയായിരുന്നു. കുട്ടികളെ തൊടുപുഴയിലെ ഒരു സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി. ഇതിനിടെയാണ് മൂത്തമകൻ ആര്യൻ ബിജുവിനെ (7) അരുൺ ആനന്ദ് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയത്. കുട്ടിയെ കൊന്ന കേസിൽ അരുൺ ആനന്ദ് റിമാൻഡിലാണ്. ക്രൈംബ്രാഞ്ച് സി.ഐ യൂനസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ, നെയ്യാറ്റിൻകര തഹസിൽദാർ വിജയൻ, മെഡിക്കൽ കോളേജ് ഫോറൻസിക് ഓഫീസർ ഡോ. ശശികല, നെയ്യാറ്റിൻകര സി.ഐ.ശ്രീകുമാരൻ നായർ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐമാരായ അയ്യപ്പൻനായർ, പത്മകുമാർ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.