
വാഷിംഗ്ടൺ: ഇന്ത്യ-യു.എസ് ബന്ധം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെറും ഫോട്ടോഷൂട്ട് മാത്രമാണെന്ന ആരോപണവുമായി ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബെെഡൻ. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ചെയ്തു തീർക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഭീകരതയെ ചെറുക്കാനും ചെെനയുടെ കടന്നുകയറ്റം തടയാനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബെെഡൻ ആവർത്തിച്ചു.
"ഞങ്ങൾ ഇന്ത്യൻ-അമേരിക്കൻ വംശജർക്ക് ഏറെ പ്രധാന്യം നൽകുന്നു.യു.എസ്-ഇന്ത്യ ബന്ധത്തെ തുടർന്നും വിലമതിക്കും. ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് ഫോട്ടോ ഷൂട്ടുകൾ മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് കാര്യങ്ങൾ ചെയ്യുകയെന്നതാണ്." ബെെഡൻ പറഞ്ഞു.
2008 ൽ താൻ യു.എസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാനായിരുന്നപ്പോൾ ഇന്ത്യ-യു.എസ് സിവിൽ ന്യൂക്ലിയർ കരാർ പാസാക്കിയതിൽ വഹിച്ച പങ്കും ബെെഡൻ ഓർമ്മിപ്പിച്ചു. "ആ സമയം ഞാൻ പറഞ്ഞിരുന്നു. അമേരിക്കയും ഇന്ത്യയും ഉറ്റ സുഹൃത്തുക്കളായാൽ ലോകജനത സുരക്ഷിതമായിരിക്കും" അമേരിക്കയിലെ ഇന്ത്യൻ വംശജരെ കേന്ദ്രീകരിച്ചുള്ള വാർത്താ പ്രസിദ്ധീകരണമായ ഇന്ത്യ വെസ്റ്റിലാണ് ബെെഡൻ ഇക്കാര്യം കുറിച്ചത്.
അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യൻ വംശജരായ വോട്ടർമ്മാരുടെ പിന്തുണ ഉറപ്പിക്കാൻ ട്രംപും ബെെഡനും ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. ചെറുതാണെങ്കിലും ഇന്ത്യൻ വംശജരുടെ വോട്ട് തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകും.