aavani

കൊച്ചി: താൻ നൽകിയ പരാതി സ്വീകരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് മുൻപിൽ ആത്മഹത്യക്ക് ശ്രമിച്ച് ട്രാൻസ്ജെൻഡർ യുവതി. കസബ പൊലീസ് സ്റ്റേഷനിലായാണ് സംഭവം നടന്നത്. സ്റ്റേഷനിൽ പരാതി നൽകാനായി എത്തി മണിക്കൂറുകൾ കാത്തുനിന്നിട്ടും തന്റെ പരാതി പൊലീസുകാർ സ്വീകരിക്കാൻ കൂട്ടാക്കാത്തതിനാലാണ് ആവണി എന്ന് പേരുള്ള ട്രാൻസ്‌ജെൻഡർ യുവതി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞത്.

സ്റ്റേഷന് മുന്നിലെ മരത്തിൽ കയറിയാണ് ഇവർ ഒരു മണിക്കൂർ നേരത്തോളം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെയാണ് യുവതിയെ താഴെയിറക്കാൻ സാധിച്ചത്. തനിക്കും സുഹൃത്തുകൾക്കും എതിരെ നടന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ചും തുടർന്ന് അവർ പണം അപഹരിച്ചതിനെ കുറിച്ചും പരാതി നൽകാനാണ് ആവണി എത്തിയത്.

സംഭവം വിവാദമായതോടെ പൊലീസ് ഇന്ന് എട്ട് മണിയോടെ ഇവരുടെ പരാതി സ്വീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രണ്ട് മണിയോടെയാണ് ആവണി പരാതി നൽകാനായി സ്റ്റേഷനിൽ എത്തിയത്. ഏതാനും ദിവസങ്ങൾക്ക് ഇതിനോട് സമാനമായ ഒരു സംഭവം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും നടന്നിരുന്നു. അന്ന എന്ന ട്രാൻസ്‌ജെൻഡർ യുവതിയാണ് സമാനമായ പരാതിയിൽ നടപടിയുണ്ടാവാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞത്.