health

മികച്ച ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് ആരോഗ്യകരമായ ലൈംഗികബന്ധം. ദമ്പതികൾക്ക് ഇരുവർക്കും സന്തോഷവും സംതൃപ്തിയും നൽകുന്ന ലൈംഗിക ജീവിതത്തിന്റെ അഭാവമാണ് മിക്കപ്പോഴും ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുക എന്നത് ഒരു വസ്തുതയാണ്. കിടപ്പറയിലെ സ്വരചേർച്ചയില്ലായ്മകൾ പലപ്പോഴും വിവാഹമോചനം പോലുള്ള ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോലും നയിച്ചേക്കാം.

എന്നാൽ ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് നേടുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളെ അനായാസം മറികടക്കുവാനും സാധിക്കും. ലൈംഗിക തൃഷ്ണയുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകമാണ് 'ടെസ്റ്റോസ്റ്റീറോൺ' എന്ന ഹോർമോൺ. കൂടുതലായും പുരുഷന്മാരിലാണ് ഈ ഹോർമോൺ കാണപ്പെടുന്നതെങ്കിലും സ്ത്രീയിലും പുരുഷനിലും ലൈംഗിക താത്പര്യം ജനിപ്പിക്കുന്നത് ടെസ്‌റ്റോസ്റ്റീറോണാണ്. ശരീരത്തിൽ ടെസ്‌റ്റോസ്റ്റീറോണിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ലൈംഗിക ജീവിതത്തെ നേരിട്ടുതന്നെ ബാധിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഈ ഹോർമോണിന്റെ അളവിൽ കുറവ് വരാതെ നോക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് ടെസ്റ്റോസ്റ്റീറോണിനെ നാം പിടിച്ചുനിർത്തേണ്ടത്. സ്വാഭാവികമായ കാർഡിയോ ഉൾപ്പെടെയുള്ള വ്യായാമ മുറകൾ കൊണ്ട് ഒരു പരിധി വരെ ഈ ഹോർമോണിനെ നിയന്ത്രിക്കാമെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ കാര്യമായ ശ്രദ്ധ തന്നെ വേണം.

മികച്ച ലൈംഗിക ജീവിതത്തിനായി പ്രധാനമായും അഞ്ച് ഭക്ഷണ സാധനങ്ങളാണ് ഒഴിവാക്കേണ്ടത്

സോയാബീൻ: ഇറച്ചിക്ക് പകരമായും മറ്റും പലരും സോയാ ബീൻ കൊണ്ടു നിർമ്മിച്ച ഭക്ഷണ സാധനങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാൽ സോയ ചേർന്ന ഭക്ഷണം ശരീരത്തിലെ ടെസ്റ്റോസ്റ്റീറോൺ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ശാസ്ത്രം പറയുന്നത്. ഈ ഭക്ഷണ സാധനത്തിലുള്ള ഫാറ്റി ആസിഡുകളാണ് ഇതിനു കാരണം.

കൊഴുപ്പ്: കൊഴുപ്പ് കലർന്ന ഭക്ഷണം ഒഴിവാക്കുന്നത് തീർച്ചയായും ആരോഗ്യകരമാണ്. ആരോഗ്യകരമെന്ന് മാത്രമല്ല ലൈംഗിക ജീവിതത്തിലും ഇത് കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കും. ട്രാൻസ് ഫാറ്റ്, പോളിസാച്ചുറേറ്റഡ് ഫാറ്റ്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും അതുവഴി ടെസ്റ്റോസ്റ്റീറോൺ നിർമ്മാണത്തിന് തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

മദ്യം: ലൈംഗിക സംതൃപ്തി ആഗ്രഹിക്കുന്നവർ നിശ്ചയമായും ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടഒരു സംഗതിയാണ് മദ്യപാനവും പുകവലിയും. മദ്യം അധിക കലോറിയുടെ രൂപത്തിൽ ശരീരത്തിൽ അടിഞ്ഞ് പുരുഷഹോർമോണിന് തടസങ്ങൾ സൃഷ്ടിക്കുമ്പോൾ പുകവലി രക്തക്കുഴലുകളുടെ വ്യാസം കുറച്ച് ഉദ്ദാരണശേഷി നശിപ്പിക്കുന്നു. മദ്യങ്ങളിൽ ബിയറിനെ പ്രത്യേകം സൂക്ഷിക്കണം.

മിന്റ്: തുളസി, പുതിന തുടങ്ങിയ സസ്യങ്ങൾ പുരുഷഹോർമോണിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള മെന്തോൾ ആണ് രക്തത്തിലെ പുരുഷൻ ഹോർമോണിന്റെ അളവ് കുറയ്ക്കുക. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

മധുരം: ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കാര്യമായി കുറയ്ക്കുന്ന ഒരു ഭക്ഷണസാധനമാണ് മധുരം. മധുരം അമിതമാകുന്നത് അടിവയറ്റിലെ കൊഴുപ്പ് കൂടാൻ കാരണമാകും. ഇത് പുരുഷന്മാരുടെ ലൈംഗിക താത്പര്യവും ശേഷിയും വൻതോതിൽ കുറയാൻ കാരണമാകുന്ന ഒന്നാണ്. ഒപ്പം പേശീ ബലക്കുറവ്, ഉദ്ധാരണശേഷിയില്ലായ്മ എന്നീ പ്രശ്നങ്ങളെയും മധുരത്തിലെ അമിത കലോറി ക്ഷണിച്ചുവരുത്തും.