
ജനീവ: കൊവിഡ് വെെറസ് വ്യാപനം വരും മാസങ്ങളിൽ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങളിൽ വെെറസ് വ്യാപനം വർദ്ധിച്ചു വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.
"അടുത്ത കുറച്ച് മാസങ്ങൾ വളരെ കഠിനമായിരിക്കും. ചില രാജ്യങ്ങൾ അപകടകരമായ പാതയിലാണ്." ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസ് ഒരു വെർച്വൽ സമ്മേളനത്തിൽ പറഞ്ഞു. നിരവധി രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ ഗണ്യമായ വർദ്ധനവ് കാണുന്നു. ഇത് രോഗികളെ ആശുപത്രികളിലേക്കും തീവ്രപരിചരണ വിഭാഗങ്ങളിലേക്കും നയിക്കുന്നു, ശേഷിക്ക് അടുത്തോ അതിന് മുകളിലോ ആരോഗ്യമേഖല പ്രവർത്തിക്കുന്നുണ്ടെന്നും  ഗെബ്രിയേസ് ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ഡിസംബറിൽ ചെെനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വെെറസ് ഇതുവരെ ആഗോളതലത്തിൽ 42ദശലക്ഷം പേർക്ക് ബാധിക്കുകയും 10 ലക്ഷത്തിലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് രജിസ്റ്റർ ചെയ്ത പുതിയ കൊവിഡ് കേസുകളിൽ പകുതിയിലേറെയും യൂറോപ്പിൽ നിന്നുമാണ്. ഇവിടെ സ്ഥിതിഗതികൾ വളരെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് സാങ്കേതിക വിദഗ്ദ്ധ മരിയ വാൻ കെർകോവ് പറഞ്ഞു.