pic

ഹെെദരാബാദ്: ബീഹാറിൽ നിതീഷ് കുമാറിനെ ഒഴിവാക്കി ബി.ജെ.പി മുഖ്യമന്ത്രിയെ കൊണ്ടുവരാൻ ആർ.എസ്.എസ് പദ്ധതിയിടുന്നതായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുത്ത മോദി എൽ.ജെ.പിയെ പറ്റി പരാമർശം നടത്തിയില്ല. ഒരേസമയം രണ്ട് കുതിരകളെ ഓടിക്കാൻ ശ്രമിക്കുകയാണ് മോദിയെന്നും അതിലൊന്നിൽ ബീഹാർ ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഒവൈസി പറഞ്ഞു.

വർഷത്തിൽ 19 ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബി.ജെ.പി പുറത്തിറക്കി. ബിഹാറിൽ തങ്ങളുടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒഴിവാക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും ഒവൈസി പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിയിൽ നിതീഷ് കുമാറിനെ പ്രശംസിച്ച മോദിയെ പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രമെ കൊവിഡ് വാക്സിൻ വിതരണം ചെയ്യുവെന്ന നിലപാടിൽ എന്ത് തരം രാഷ്ട്രീയമാണ് മോദിക്കുള്ളതെന്നും അസദുദ്ദീന്‍ ഒവൈസി ചോദിച്ചു.

ജനങ്ങൾക്ക് ആർ‌.ജെ.ഡിയെയും കോൺഗ്രസിനെയും അറിയാം, അവർ ബീഹാറിനായി പ്രവർത്തിച്ചിട്ടില്ല. അതിനാൽ ബീഹാറിലെ ജനങ്ങൾ ഒരു ബദൽ തേടുകയാണ്. തങ്ങളുടെ സഖ്യം അതിന് സഹായകരമാകുമെന്നും ഒവൈസി പറഞ്ഞു.