kamal-hassan

ചെന്നൈ: കൊവിഡ് വാക്‌സിൻ വാഗ്ദ്ധാനത്തെ രൂക്ഷമായി വിമർശിച്ച് നടൻ കമലഹാസൻ.ഇതുവരെ പുറത്തിറങ്ങാത്ത വാക്‌സിനെ കുറിച്ച് പറയുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള മരുന്നാണത്. വെറുതെ പറയാനുള്ളതല്ലെന്നും കമൽ പറഞ്ഞു.

ജനങ്ങളുടെ ദാരിദ്ര്യം കൊണ്ട് കളിക്കുന്നതുപോലെ ജീവിതംകൊണ്ട് കളിക്കാൻ ധൈര്യം കാണിച്ചാൽ രാഷ്ട്രീയ ജീവിതം ജനങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സൗജന്യമായി കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ബി ജെ പി- അണ്ണാ ഡി എം കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വാക്സിൻ വിതരണത്തിനു തയ്യാറായാൽ തമിഴ്നാട്ടിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി നൽകും എന്ന വാഗ്ദ്ധാനവുമായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നേരത്തെ രംഗത്തെത്തിയിരുന്നു.ബീഹാർ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ബി ജെ പി കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മദ്ധ്യപ്രദേശിലും സമാന വാഗ്ദ്ധാനവുമായി പാർട്ടി രംഗത്തെത്തിയിരുന്നു.ഇതോടെയാണ് വിമർശനവുമായി കമൽ എത്തിയത്.