swapna-suresh

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ജയിൽ അധികൃതരെ ചോദ്യം ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി കഞ്ചാവ് കേസിൽ കസ്റ്റ‍ഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തൽ. കാക്കനാട് ജയിലിൽ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ ജയിലിന് അകത്തേക്ക് കടത്തിവിട്ടില്ല. അതേസമയം ജയിൽ കാണാനെത്തിയ ജയിൽ അധികൃതരുടെ ബന്ധുക്കൾ അകത്തുകടന്നുവെന്നാണ് സുമയ്യ പറയുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആയിരുന്നു ജയിൽ അധികൃതരുടെ ബന്ധുക്കളുടെ സന്ദർശനം. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇടപെടുകയായിരുന്നു. ‘ ജയിൽ അധികൃതരുടെ ബന്ധുക്കൾക്കെന്താ കൊവിഡ് നിയന്ത്രണമില്ലേ’ എന്ന് ഉദ്യോഗസ്ഥരോട് സ്വപ്‌ന ചോദിച്ചുവെന്നാണ് സുമയ്യ വെളിപ്പെടുത്തുന്നത്.

തനിക്കും ഭർത്താവ് ഷെമീറിനും ജയിലിൽ വച്ചുണ്ടായ മാനസിക ശാരീരിക പീഡനങ്ങളും സുമയ്യ വിശദീകരിച്ചു. അവശനായ ഷെമീറിനോട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. കഞ്ചാവ് കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞത്.

അപസ്‌മാരമുളളയാളാണ് മർദിക്കരുത് എന്ന് പ്രതികളെ കൈമാറുമ്പോൾ പൊലീസ് പറഞ്ഞത് ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ലോക്കൽ പൊലീസിനെ കൊണ്ട് റെക്കമൻഡ് ചെയ്യിക്കുമല്ലേ എന്നു ചോദിച്ചായിരുന്നു മർദ്ദനം. താനക്കടക്കമുളള സ്ത്രീ തടവുകാരെ പൂർണ നഗ്നരാക്കി നിർത്തി. ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെയും ക്രൂരമായി മർദിച്ചിരുന്നു.

കഴിഞ്ഞ മാസം 30നാണ് കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാൻഡ് പ്രതികളെ കൊവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ഹോസ്റ്റലിൽ വച്ച് ക്രൂര മർദനമേറ്റത്. തൊട്ടടുത്ത ദിവസം ഇയാൾ മരിക്കുകയായിരുന്നു. മർദനത്തിന് സാക്ഷിയായിരുന്നു സുമയ്യ.