v-muraleedharan-pinarayi-

തിരുവനന്തപുരം: അഴിമതി പുറത്തുവരുമെന്ന ഭയം കൊണ്ടാണ് സംസ്ഥാന സർക്കാർ സി.ബി.ഐയെ എതിർക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നെടുങ്കണ്ടത്തെ രാജ്കുമാർ മരിച്ച സംഭവം, വയലിനിസ്റ്റ് ബാലഭാസ്‌ക്കർ മരിച്ച കേസ്, ചിറ്റാറിലെ മത്തായിയുടെ കേസ്, ജിഷ്‌ണു പ്രണോയ് കേസ് എന്നിവയെല്ലാം ഈ സർക്കാരാണ് സി.ബി.ഐക്ക് വിട്ടത്. എന്നാൽ കതിരൂർ മനോജ് കേസ് സി.ബി.ഐക്ക് വിടുന്നതിനെ സർക്കാർ ശക്തമായി എതിർത്തു. ഷുഹൈബ് വധം സി.ബി.ഐക്ക് വിട്ട കേസിനെ മുപ്പത്തിനാല് ലക്ഷം രൂപ ചെലവിട്ടാണ് സർക്കാർ എതിർത്തത്. പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണം തടയാൻ സുപ്രീംകോടതി വരെ പോയിരിക്കുകയാണ്. ലൈഫ് മിഷനിൽ സർക്കാർ ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്. അതാണ് സി.ബി.ഐയെ എതിർക്കാനുളള പ്രേരണയ്‌ക്ക് കാരണമെന്ന് മുരളീധരൻ ആരോപിച്ചു.

സർക്കാരിന്റെ വലിയ തീവെട്ടി കൊളളകൾ സ്വതന്ത്ര ഏജൻസികൾ അന്വേഷിച്ചാൽ പുറത്തുവരാൻ സാദ്ധ്യതയുണ്ട്. ശാരദ ചിട്ടി തട്ടിപ്പും, അമരാവതി ഭൂമിയിടപാടും ഉൾപ്പടെയുളള കേസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. രാഷ്ട്രീയ പ്രേരിതം എന്ന വാദം ഉപയോഗിച്ച് മലയാളികളെ വിഡ്ഢികളാക്കാനാകില്ലയെന്ന് മാർക്സിസ്റ്റ് പാർട്ടി മനസിലാക്കണം. കേസുകളിൽ ഒരു തടസവും സൃഷ്‌ടിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരു തീരുമാനത്തിനും കഴിയുകയില്ലെന്നും മുരളീധരൻ പറഞ്ഞു.

രാജ്യത്ത് പല തരത്തിലുളള മത വൈരാഗ്യം വളർത്തുന്ന സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത് ഗൗരവമുളള കാര്യമാണ്. രാഹുൽഗാന്ധിയുടെ നിർദേശ പ്രകാരണമാണോ ഇതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം. ഇത് കോൺഗ്രസിന്റെ ദേശീയ നയമാണോയെന്ന് അറിയാൻ താത്‌പര്യമുണ്ടെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ വന്ന രാഹുൽഗാന്ധി സി.പി.എമ്മിനെ പ്രശംസിക്കുകയും ബി.ജെ.പിയെ എതിർക്കുകയും ചെയ്യുകയാണ്. പി.സി തോമസ് അടക്കമുളള ഘടകകക്ഷി നേതാക്കൾ എൻ.ഡി.എ വിടുന്ന കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.