
ശ്രീനഗർ:ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന പി ഡി പി നേതാവ് മെഹബൂബ മുഫ്തിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി. രാജ്യദ്രോഹപരമായ പരാമർശത്തിന് നടപടിയെടുക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
14 മാസത്തെ വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മെഹബൂബ മുഫ്തിയുടെ പരാമശം.കോൺഗ്രസും മെഹബൂബ മുഫ്തിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. " നമ്മുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്." - എന്നായിരുന്നു മെഹ്ബൂബ മുഫ്തി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
മെഹ്ബൂബ മുഫ്തിയുടെ രാജ്യദ്രോഹപരമായ പരാമർശങ്ങൾ ശ്രദ്ധിക്കണം. രാജ്യദ്രോഹ പ്രവർത്തനത്തിന്റെ പേരിൽ അവർക്കെതിരെ നടപടിയെടുക്കണമെന്ന് ഞാൻ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോട് അഭ്യർത്ഥിക്കുന്നു.-ജമ്മു കാശ്മീർ ബി ജെ പി പ്രസിഡന്റ് രവീന്ദർ റെയ്ന മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പരാമർശം പ്രകോപനപരവും, നിരുത്തരവാദപരവുമാണെന്നും, ഇത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.