suicide

ഭോപ്പാൽ: നീറ്റ് പരീക്ഷയിൽ ആറ് മാർക്ക് മാത്രമേ കിട്ടിയുള്ളൂവെന്ന് കരുതി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. പതിനെട്ടുകാരിയായ വിധി സൂര്യവംശി എന്ന പെൺകുട്ടിയാണ് മാർക്ക് രേഖപ്പെടുത്തിയതിലെ പിഴവ് മൂലം ജീവനൊടുക്കിയത്.

പഠനത്തിൽ മിടുക്കിയായ മകൾക്ക് നല്ല മാർക്ക് ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു മാതാപിതാക്കൾ. ഡോക്ടറാകാനായിരുന്നു പെൺകുട്ടിയുടെ ആഗ്രഹം. എന്നാൽ ഫലം വന്നപ്പോൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത പട്ടികയിൽ ആറ് മാർക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് പെൺകുട്ടിയെ മാനസികമായി തകർത്തിരുന്നു.

നല്ല മാർക്കുണ്ടാവുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കൾ ഒ.എം.ആർ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോൾ അതിൽ 590 മാർക്കുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം മകളെ ബോധ്യപ്പെടുത്താൻ അവർ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്ക് മാനസികമായി തകർന്ന പെൺകുട്ടി തൂങ്ങിമരിക്കുകയായിന്നു.'നീറ്റിൽ കുറഞ്ഞ മാർക്ക് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസിലായത്. വിശദമായ അന്വേഷണം നടത്തും'- പരാസിയ പൊലീസ് പറഞ്ഞു.