sabarimala

തിരുവനന്തപുരം : ശബരിമലയിൽ തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോൾ ഭക്തരുടെ എണ്ണം കുത്തനെ കുറഞ്ഞത് സർക്കാരിന്റെ തെറ്റായ സമീപനം കാരണമാണെന്ന് കളരിപ്പണിക്കർ ഗണക കണിശ സഭ (കെ.ജി.കെ.എസ്) പ്രസിഡന്റ് ഡോ.പാച്ചല്ലൂർ അശോകനും, ജനറൽ സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യവും കുറ്റപ്പെടുത്തി. അഞ്ചുദിവസത്തേക്ക് 1200 പേരാണ് ദർശനത്തിനായി വെർച്വൽ പാസെടുത്തത്. ഇതിൽ 673 പേർ മാത്രമാണ് ശബരിമലയിലെത്തിയത്.

കൊവിഡ് കാലത്തും ഭക്തർ എത്താൻ തയ്യാറായിരുന്നുവെന്നതിന് തെളിവാണ് വെർച്വൽ പാസെടുത്തവരുടെ എണ്ണം. എന്നാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ വേണമെന്ന് പറഞ്ഞ് ഭക്തരെ വലച്ചു. ഇത്തരം തെറ്റായ തീരുമാനങ്ങൾ പിൻവലിച്ച്, മണ്ഡല കാലത്ത് കൊവിഡ് മാനദണ്ഡപ്രകാരം കൂടുതൽ ഇളവുകൾ അനുവദിക്കണം. ശബരിമല ദർശനത്തെ പ്രയോഗികമായി സമീപിക്കുന്നതിന് പകരം ഭക്തർക്ക് മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും സഭാ നേതാക്കൾ ആവശ്യപ്പെട്ടു.