kk-shailaja

കാസർകോട്: ആരോഗ്യമേഖല ആകെ തകർന്നുവെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ മനപൂർവ്വം ആരോപണം ഉന്നയിക്കുകയാണ്. ചെറിയ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി കൊവിഡിനെ നിയന്ത്രിച്ചത് കേരളമാണ്. മരണ നിരക്ക് കുറക്കാനായതാണ് വലിയ നേട്ടം. പ്രതിപക്ഷം മനപൂർവ്വം ആരോപണങ്ങളുന്നയിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ നിരാശരായി തന്നെ വിളിക്കുകയാണ്. ഒന്നും വിഷമിക്കേണ്ട ഇതൊക്കെ രാഷ്ട്രീയമാണെന്നാണ് താൻ അവരോട് പറയുന്നത്. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവർ ഇപ്പോഴും പണിയെടുത്ത് കൊണ്ടിരിക്കുകയാണ്. ഡോ. നജ്മ ചെയ്‌തതിലെ ശരി തെറ്റുകളെ കുറിച്ച് പറയാൻ താനില്ല. അത് ജനം വിലയിരുത്തട്ടെ. കേരളത്തിന് ആവശ്യമുളളത്ര വെന്റിലേറ്ററുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാം ആളുകൾക്ക് മനസിലാകുന്നുണ്ട്. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ പിറ്റേന്ന് തന്നെ അത് പരിഹരിച്ച് പോകുന്ന വകുപ്പാണിത്. വാക്‌സിൻ കിട്ടിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങളെല്ലാം തീരുമാനിച്ച് വച്ചിട്ടുണ്ട്. അത് കിട്ടേണ്ട താമസമേ ഉളളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.