kaumudy-news-headlines

1. സി.ബി.ഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. എതിര്‍പ്പിന് കാരണം ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടി കൊള്ളകള്‍ പുറത്തു വരുമെന്ന ഭയമാണ്. സി.ബി.ഐ അന്വേഷണം തടയാന്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സര്‍ക്കാര്‍ തടയുന്നു എന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
2. കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി അഴിമതി കേസിലെ പ്രതിയും കോര്‍പറേഷന്‍ മുന്‍ എം.ഡിയുമായ കെ.എ.രതീഷിന് ഇരട്ടിനേട്ടം. അഴിമതി കേസിലെ പ്രോസിക്യൂഷന്‍ ഒഴിവാക്കിയതിനു പിന്നാലെ ശമ്പളവും കൂട്ടി. ശമ്പളം 80,000 രൂപയില്‍നിന്ന് 1,70,000 ആക്കി. മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളയിനത്തില്‍ വരും. നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്. തോട്ടണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയായിരുന്നു. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പറേഷനു വന്‍ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി


3. കശുവണ്ടി വികസന കോര്‍പറേഷന്‍ 2015ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടില്‍ വന്‍ നഷ്ടമുണ്ടായെന്ന കേസ് വിജിലന്‍സ്

എഴുതിത്തള്ളിയിടത്താണ് സിബിഐ വന്‍ക്രമക്കേട് കണ്ടെത്തിയത്. ഇറക്കുമതി വ്യവസ്ഥകള്‍ അട്ടിമറിച്ചു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പറേഷനു വന്‍ നഷ്ടം നേരിട്ടതായി സിബിഐ കണ്ടെത്തി. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ തോട്ടണ്ടി വാങ്ങിയതില്‍ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെ ആണ് തട്ടിപ്പ് അന്വേഷിക്കാന്‍ 2015ല്‍ സി.ബി.ഐയെ ചുമതലപ്പെടുത്തിയത്.
4. കെ.എം. ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി കേസില്‍ പ്രതി തേജസ് തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നും ഇതിനായി മുംബയിലെ ഗുണ്ടാ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയെന്നും ചൂണ്ടിക്കാട്ടി കെ.എം.ഷാജി എം.എല്‍.എ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. മുംബയിലെ ഗുണ്ടാ സംഘങ്ങളുമായി അടുപ്പമുള്ള കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ തേജസ് എന്നയാളാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച ഷാജി, ക്വട്ടേഷന്‍ നല്‍കാന്‍ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ ശബ്ദരേഖ ഉള്‍പ്പെടെ ആണ് പരാതി നല്‍കിയത്. ഇ-മെയിലിലാണ് ശബ്ദരേഖ ഷാജിക്ക് അയച്ചുകിട്ടിയത്.
5. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണു ശബ്ദരേഖ പുറത്തുവന്നത് എന്നു കരുതുന്നതായി പരാതിയില്‍ പറയുന്നു. കൊല്ലേണ്ടത് എം.എല്‍.എയെ ആണെന്നു ശബ്ദ രേഖയില്‍ വ്യക്തമാണ്. മുംബയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം എത്തുന്ന രണ്ടംഗ സംഘത്തിന് ഇവിടെ താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താം എന്നും എം.എല്‍.എയെ കാണിച്ചു തരാമെന്നും കണ്ണൂരില്‍ നിന്നു വിളിക്കുന്നയാള്‍ പറയുന്നു. കൊലപാതകത്തിനു പ്രതിഫലമായി നല്‍കേണ്ട പണം പറഞ്ഞ് ഉറപ്പിക്കുന്നുണ്ട്. കൃത്യം നടന്നാല്‍ അപ്പോള്‍ തന്നെ സ്ഥലംവിടണമെന്ന നിര്‍ദേശവും നല്‍കുന്നു. വളപട്ടണം പൊലീസ് എം.എല്‍.എയെ വിളിച്ച് വിവര ശേഖരണം നടത്തി. ഷാജിയുടെ പരാതിയില്‍ കേസെടുത്തു
6. കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗ ലക്ഷണങ്ങളുമായി ചികിത്സയില്‍ ഇരിക്കെ മരിച്ച ആലുവ സ്വദേശിനി രാധാമണിയുടെ ബന്ധുക്കളും നിയമ നടപടിക്ക് . കൊവിഡ് രോഗബാധിത അല്ലായിരുന്നിട്ടും കോവിഡ് മാനദണ്ഡ പ്രകാരം സംസ്‌കരിക്കേണ്ടി വന്നതും രാധാമണിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കൊവിഡ് രോഗ ലക്ഷണങ്ങളോടെ രാധാമണിയെ ജൂലൈ 20നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. തൊട്ടുപിന്നാലെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും അറിയിപ്പുവന്നു. പക്ഷേ അപ്പോഴേക്കും രാധാമണി മരണമടഞ്ഞു. കോവിഡ് പരിശോധനാ ഫലം നേരത്തെ ലഭ്യമാക്കി ഇരുന്നെങ്കില്‍ രാധാമണിക്ക് വിദഗ്ധ ചികില്‍സ നല്‍കാം ആയിരുന്നെന്നാണ് ബന്ധുക്കളുടെ വാദം
7. കൊവിഡ് ഇല്ലെങ്കിലും മാനദണ്ഡങ്ങളെല്ലാം പാലിച്ച് കാരി ബാഗിലാണ് മൃതദേഹം കൈമാറിയത് . സംസ്‌കാരം മാനദണ്ഡ പ്രകാമാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ നിന്ന് കൈമാറിയ വസ്തുക്കളില്‍ രാധാമണിയുടെ മുഴുവന്‍ ആഭരണങ്ങളും ഇല്ലായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതേകുറിച്ച് ജൂലൈ 27ന് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാധാമണിയുടെ മരണത്തെ കുറിച്ചും, ആഭരണങ്ങള്‍ നഷ്ടമായതിനെ കുറിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി
8. സംസ്ഥാനത്തെ അവയവ മാഫിയ 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലേക്ക് വരെ അവയവം കൈമാറി. വൃക്കയ്ക്ക് വിലയായി നല്‍കിയിരുന്നത് ആറു മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ. പണമൊന്നും നല്‍കാതെ ദാതാക്കളെ കബളിപ്പിച്ചിട്ടുണ്ടന്നും കണ്ടെത്തി. സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിന് ഒപ്പം നിരക്ഷരരും നിര്‍ധനരുമായ ദാതാക്കളെ ക്രൂര ചൂഷണത്തിന് വിധേയമാക്കിയും ആണ് അവയവ കൈമാറ്റ മാഫിയയുടെ പ്രവര്‍ത്തനം. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലെ അന്വേഷണത്തില്‍ തന്നെ ഇതിന്റെ തെളിവുകള്‍ ലഭിച്ചതോടെ ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
9. വൃക്ക കൈമാറ്റമാണ് മാഫിയയുടെ പ്രധാന ഇടപാട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി നടന്ന 35 അവയവ കൈ മാറ്റങ്ങളെങ്കിലും നിയമവിരുദ്ധം ആയിട്ടാണന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നു. ഇങ്ങിനെ അവയവങ്ങള്‍ സ്വീകരിച്ചവരില്‍ മലയാളികള്‍ മാത്രമല്ല തമിഴ് നാട്ടുകാരുമുണ്ട്. സ്വീകരിക്കുന്നവരോടും ദാതാക്കളോടും വില പറഞ്ഞ് ഉറപ്പിക്കുന്നത് ഏജന്റുമാരാണ്. അവയവ കൈമാറ്റത്തെ കുറിച്ച് കാര്യമായ അറിവില്ലാത്തവരും നിര്‍ധനരും ആയവരെയാണ് ഏജന്റുമാര്‍ സമീപിക്കുന്നത്. മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ദാതാക്കള്‍ക്കാണ് ഡിമാന്റ് എന്നും അന്വേഷണ സംഘം വ്യക്തമാക്കി