
ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ യാത്രകൾക്കായി ഇന്ത്യ വാങ്ങിയ ബോയിംഗ് 777 വിമാനങ്ങളിൽ രണ്ടാമത്തേത് ഇന്ന് രാജ്യ തലസ്ഥാനത്തെത്തും. ആദ്യ വിമാനം ഒക്ടോബർ ഒന്നിന് ഡൽഹിയിലെത്തിയിരുന്നു.
പുതിയ വിമാനങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. രണ്ട് വിമാനങ്ങൾക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങളുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിന്റെ മാതൃകയിലുള്ളതാണ്.അമേരിക്കയിലേക്ക് നിർത്താതെ പറക്കാൻ കഴിയുന്ന പുതിയ ദീർഘദൂര വിമാനം, മൂന്ന് വിശിഷ്ടാതിഥികൾക്ക് മാത്രമായിട്ടുള്ള ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത വിമാനമാണ്.
ഇത്രയും കാലം മൂന്ന് പേരിൽ ആർക്കെങ്കിലും(രാഷ്ട്രപതി, ഉപരാഷ്ട്രപതി,പ്രധാനമന്ത്രി)ഒരാൾക്ക് വിദേശയാത്ര ചെയ്യേണ്ടി വരുമ്പോഴെല്ലാം എയർ ഇന്ത്യയുടെ വിമാനങ്ങൾ സർക്കാർ ആവശ്യപ്പെടുകയായിരുന്നു ചെയ്തിരുന്നത്. പ്രധാനമന്ത്രിക്ക് ഓഫീസ്, സ്ലീപ്പിംഗ് ഏരിയ തുടങ്ങിയ ഇടം ക്രമീകരിക്കാൻ വിമാനത്തിന്റെ ഒരു ഭാഗത്ത് നിന്ന് സീറ്റുകൾ നീക്കം ചെയ്യുകയാണ് ചെയ്തിരുന്നത്.
രണ്ട് വിമാനങ്ങളും ഓഗസ്റ്റിൽ ഡെലിവർ ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് തീയതി നീണ്ടുപോവുകയായിരുന്നു.സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട് സജ്ജീകരിച്ച രണ്ട് ബി777 വിമാനങ്ങളാണ് ഇത്.വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക സുരക്ഷാ സംവിധാനമുള്ള വിമാനങ്ങള്‍ വേണമെന്ന് 2019ലാണ് കേന്ദ്രം തീരുമാനിച്ചത്.